ബഷീറിന്റെ കാരിക്കേച്ചറുകള്‍
തലയോലപ്പറമ്പ് എന്ന ഗ്രാമത്തിനുള്ളില്‍ നിന്നുകൊണ്ട് കേരളത്തിലെ സര്‍വ്വമാന ഗ്രാമങ്ങളുടേയും ചരിത്രമെഴുതുകയാണ് വൈക്കം മുഹമ്മദ് ബഷീര്‍ ചെയ്‌തത്. അനുഭവങ്ങളുടേയോ അറിവുകളുടേയോ ക്രമാനുഗതമായ രേഖപ്പെടുത്തലല്ല; മറിച്ച് ഒരു സവിശേഷമായ ഭൂപ്രകൃതിക്കുള്ളില്‍ ഭൂലോകത്തെ മുഴുവന്‍ വ്യവസ്ഥകളേയും മുന്നില്‍ കൊണ്ടുവന്നു നിര്‍ത്തി വിചാരണ ചെയ്‌തുകൊണ്ടാണ് ബഷീര്‍ ചരിത്രമെഴുതുന്നത്. ഇതിനായി അദ്ദേഹം ഒരുപിടി `ചരിത്രപുരുഷന്മാരെ' സൃഷ്‌ടിച്ചു. ഉണ്ടക്കണ്ണനും പോക്കറ്റടിക്കാരനും മുച്ചീട്ടുകളിക്കാരനുമടങ്ങുന്ന ഒരു പുരുഷാരം. തലയോലപ്പറമ്പ് എന്ന ഗ്രാമാന്തരീക്ഷത്തില്‍ നിന്നുകൊണ്ടാണ് ഇവര്‍ നമ്മോട് സംസാരിക്കുന്നത്. അന്തിച്ചന്തയിലും, നാല്‍ക്കവലകകളിലും, ചായപ്പീടികയിലുമായാണ് അവരുടെ വ്യവഹാരം. അതുകൊണ്ടുതന്നെ നഗരത്തിലെ ഭൂപ്രകൃതിയില്‍ ഈ കഥാപാത്രങ്ങള്‍ക്ക് പ്രസക്തിയില്ല. ഇവിടെ ഓരോ കൂട്ടായ്‌മയ്‌ക്കുള്ളിലും ഓരോ കഥാപാത്രത്തിന്റെയും കര്‍തൃത്വം അടയാളപ്പെടുത്തപ്പെടുന്നു. തികച്ചും വൈയക്തികമായ സ്വഭാവ സവിശേഷതയെ പൊതുവായ സാമൂഹ്യ പരിസരത്ത് കൊണ്ടുവന്നുനിര്‍ത്തിയാണ് ബഷീര്‍ കഥാപാത്രങ്ങളെ നിര്‍മ്മിക്കുന്നത്.
കൂട്ടായ്‌മയുടെ സംഘടിത രൂപമായ ഗ്രാമത്തിനുള്ളില്‍ ഓരോ സംഭവത്തിലും മുഹൂര്‍ത്തത്തിലും കൂട്ടായ്‌മയിലെ `വ്യക്തി' ഇടപെടുന്നു. ഈ ഇടപെടലുകളാണ് വ്യക്തികളെ സമൂഹത്തില്‍ അടയാളപ്പെടുത്തുന്നത്. അങ്ങനെ വ്യക്തി എന്ന സ്വത്വത്തെ നിര്‍മ്മിക്കുന്നത് അവന്റെ കര്‍തൃത്വമാണ് എന്നുവരുന്നു. ഇവിടെ അവന്റെ വൈകാരികവും വൈചാരികവുമായ അടിത്തറയെ അപ്രസക്തമാക്കി കര്‍തൃത്വത്തിലധിഷ്‌ഠിതമായ വ്യക്തിത്വം സ്ഥാപിക്കപ്പെടുന്നു. കൂട്ടായ്‌മയ്‌ക്കുള്ളില്‍ നിന്നുകൊണ്ട് വ്യക്തി(കളുടെ)യുടെ കര്‍തൃത്വത്തെ നിര്‍ണ്ണയിക്കുന്നത് അയാളുടെ വ്യക്തിപരമായ സ്വഭാവമാണെന്നാണ്.
കോപം, പ്രാമാണിത്തം, കാഴ്‌ചയുടെ സൂക്ഷ്‌മത, ബുദ്ധിശൂന്യത ഇവയെല്ലാം ചേര്‍ന്ന് രൂപപ്പെടുന്ന വൃത്തികളുടെ സംഘാതമാണ് അവന്റെ വ്യക്തിത്വം. അവന്‍ അറിഞ്ഞോ അറിയാതെയോ സാമൂഹ്യക്രമത്തിനുള്ളിലെ വ്യവസ്ഥയുടെ ഭാഗമാവുകയോ വ്യവസ്ഥയെ മറികടക്കുകയോ ചെയ്യുന്നു.
ബഷീര്‍ തന്റെ കഥാപാത്രങ്ങളെ തലയോലപ്പറമ്പില്‍നിന്ന് ജനസാമാന്യത്തിനിടയില്‍ ഇറക്കി നിര്‍ത്തുന്നത് കഥാപാത്രങ്ങളുടെ കാരിക്കേച്ചര്‍ വല്‍ക്കരണത്തിലൂടെയാണ്. സ്വന്തമായല്ലാതെ, വികൃതമായ ആകാരത്തില്‍ നാല്‍ക്കാലിയുടെ ചേഷ്‌ടയോടുകൂടിയുള്ള വ്യക്തിസത്തയുടെ വെളിപ്പെടുത്തലെന്നാണ് കാരിക്കേച്ചറുകള്‍ക്കുള്ള ആദ്യകാല നിര്‍വ്വചനം. പിന്നീട് ഇത് ഒരു വ്യക്തിയില്‍ എളുപ്പം കണ്ടെത്താന്‍ കഴിയുന്ന സത്തയേയോ അവയവത്തെയോ അതിശയോക്തി കലര്‍ത്തി ചിത്രീകരിക്കുന്നതായി. വ്യക്തിസത്തയുടെ വക്രീകരണവും ഇതില്‍ പെടും.
സാഹിത്യത്തില്‍ ഒരു വ്യക്തിയുടെ സൂക്ഷ്‌മാംശത്തിലുള്ള സ്വഭാവങ്ങളെ അതീവ ലളിതമാക്കിയും ചില പ്രത്യേക സവിശേഷതയെ പെരുപ്പിച്ചുകാട്ടിയും വ്യക്തിയെ നിര്‍വ്വചിക്കുന്നു. ഭൗതിക തലത്തില്‍ ശരീരവര്‍ണ്ണനയായോ ആഖ്യാനതലത്തില്‍ കര്‍തൃത്വ കേന്ദ്രിതമായോ കാരിക്കേച്ചര്‍ വല്‍ക്കരണം നടത്തുന്നു. ബഷീറിന്റെ ചില കഥാപാത്രങ്ങള്‍ ഭൗതികമായ വരകള്‍ക്കുള്ള സാധ്യത തുറന്നുതരുന്നുണ്ടെങ്കില്‍ മറ്റുകഥാപാത്രങ്ങള്‍ ആഖ്യാനതലത്തിലാണ് കാരിക്കേച്ചറാകുന്നത്. നമ്പൂതിരിയും ശങ്കരന്‍കുട്ടിയും ദേവനുമൊക്കെ ആനവാരി രാമന്‍നായരേയും എട്ടുകാലി മമ്മൂഞ്ഞിനേയും; എന്തിന് ബഷീറിനെത്തന്നെയും വരകളില്‍ കോറിയിട്ടിട്ട് ഭൂരിഭാഗം കഥാപാത്രങ്ങളെ വരയ്‌ക്കാന്‍ മുതിരാതിരുന്നത് അതുകൊണ്ടാണ്. എന്നാല്‍ ഒരു പ്രത്യേക പാരസ്‌പര്യത്തിനുള്ളില്‍ ഈ രണ്ടുതരം കഥാപാത്രങ്ങളും സമൂഹമനസ്സില്‍ അവരുടെ ഇടം കണ്ടെത്തുന്നത് ഏതാണ്ട് ഒരുപോലെയാണ്.
വ്യക്തികളുടെ കര്‍തൃത്വ കേന്ദ്രിതമായ ആഖ്യാനമാണ് ബഷീറിന്റെ കൃതികളില്‍ കാണുന്നത്. ഒരുവന്റെ ഒരു പ്രത്യേകമായ സവിശേഷതയെ/ അവയവത്തെ/ ഇടപെടലിനെ മുഴുപ്പിച്ച് കാണിച്ചുകൊണ്ട് അദ്ദേഹം സാമൂഹ്യ വ്യവസ്ഥയ്‌ക്ക് ആക്ഷേപഹാസ്യം തയ്യാറാക്കുകയാണ്. ഒരു സാമൂഹ്യ ഘടനയ്‌ക്കുള്ളില്‍ വിവിധ സാംസ്‌കാരിക പശ്ചാത്തലത്തിന്റെ ഉല്‍പ്പന്നമായ വ്യക്തി, ഈ ഘടനയ്‌ക്കുള്ളില്‍ ചെലുത്തുന്ന ഇടപെടലിനെയാണ് അതിശയോക്തിയോടെ അവതരിപ്പിക്കുന്നത്. ഇവിടെ വ്യക്തിയെ അപ്രധാനമാക്കി പ്രവൃത്തിയെ പ്രധാനമാക്കുന്നു. ഇതൊരു ന്യൂനോക്തി കൂടിയാണ്.
വരകളിലായാലും ആഖ്യാനതലത്തിലായാലും ഒരു സവിശേഷതയെ പെരുപ്പിച്ചുകാണിക്കുമ്പോള്‍ മറ്റ് ഘടകങ്ങള്‍ക്ക് സംഭവിക്കുന്ന അതിലാളിത്യമാണ് ഇത്. ഒരാളുടെ പ്രവൃത്തിയെ പൊതുബോധത്തില്‍ നിര്‍ത്തി വിമര്‍ശിക്കുന്നതിന് ഈയൊരു ആഖ്യനമാതൃകയാണ് ബഷീര്‍ സ്വീകരിക്കുന്നത്. ഇത് ഏറെ ഫലപ്രദവുമാണ്. ഇവിടെ വ്യക്തിയെ വിമര്‍ശിക്കുകയല്ല; മറിച്ച് അയാളുടെ പ്രവൃത്തിയെ / ഇടപെടലുകളെയാണ് വിചാരണയ്‌ക്ക് വിധേയമാക്കുന്നത്. നെഹ്‌റുവിനെ കാര്‍ട്ടൂണുകളിലൂടെ വിമര്‍ശിച്ച ശങ്കറിനെ ഇവിടെ സ്‌മരിക്കാം. യഥാതഥമായ കഥാപാത്രരചനയില്‍ ഇത്തരമൊരു വിമര്‍ശന സാധ്യത കുറവാണ്. അവിടെ വ്യക്തിയുടെ പ്രവൃത്തി എന്നതിലുപരി വ്യക്തിയുടെ സൂക്ഷ്‌മത്തിലുള്ള സ്വഭാവ സവിശേഷതകള്‍പോലും വിമര്‍ശിക്കപ്പെടുന്നു.
ബഷീര്‍ വിമര്‍ശിക്കുന്നത് വ്യക്തിയെയല്ല, വ്യവസ്‌ഥകളെയാണ്, വ്യവസ്ഥിതികള്‍ക്കുള്ളിലെ ഇടപെടലുകളെയാണ്. അതുകൊണ്ടാണ് കമ്മ്യണിസ്റ്റുകള്‍ ഉപയോഗിക്കുന്ന പദങ്ങളെയും അവരുടെ പ്രത്യയശാസ്‌ത്ര സമീപനങ്ങളെയും ആക്ഷേപഹാസ്യമായി ചിത്രീകരിച്ചിട്ടും ആര്‍ക്കും ബഷീറിനോട് ശത്രുതയോ ദേഷ്യമോ തോന്നാത്തത്. എട്ടുകാലി മമ്മൂഞ്ഞ് അനുഭവിക്കുന്ന ദളിത് അവസ്ഥയോട് കൂറ് പ്രഖ്യാപിക്കുമ്പോള്‍തന്നെ എട്ടുകാലിയെ ദളിതത്തത്തിലേക്ക് നയിക്കുന്ന ഇടപെടലുകളെ നിശിതമായി വിമര്‍ശിക്കുകയും ചെയ്യുന്നു. ആനവാരി രാമന്‍നായര്‍, പൊന്‍കുരിശുതോമ, മണ്ടന്‍ മുത്തപ, ഒറ്റക്കണ്ണന്‍ പോക്കര്‍ തുടങ്ങിയ പ്രധാന കഥാപാത്രങ്ങളിലെല്ലാം ഈയൊരു തലം വായിച്ചെടുക്കാനാകും.
എട്ടുകാലി മമ്മൂഞ്ഞ്
ആരെന്തുപറഞ്ഞാലും ചെയ്‌തുകൊടുക്കുന്ന പരോപകാരിയാണ് എട്ടുകാലി മമ്മൂഞ്ഞെന്നേ ഏവര്‍ക്കുമറിയൂ. പുരുഷനോ സ്‌ത്രീയോ അല്ലെങ്കിലും ഈ കുറവ് പരിഹരിക്കാന്‍ രണ്ടുവശത്തും ഓരോ മുഴം നീളത്തിലുള്ള മീശ; അതത്രെ എട്ടുകാലി മമ്മൂഞ്ഞ്
``മൂപ്പര്‍ക്ക് എല്ലാവരോടും സ്‌നേഹമാണ്... മണ്ടന്‍മുത്തപയുടെ ചായക്കട അടിച്ചുവാരുക, പാത്രങ്ങള്‍ കഴുകുക, വിറക് കീറിക്കൊടുക്കുക, സ്ഥലത്തെ പോലീസുമൂരാച്ചികളുടെ ബല്‍റ്റ് പോളീഷ് ചെയ്യുക, അവരുടെ തൊപ്പിയിലുള്ള നമ്പര്‍ പൊടിമണ്ണിട്ട് തൂത്ത് പൊന്നുപോലെയാക്കുക, പോലീസ് സ്റ്റേഷനിലെ ലോക്കപ്പ് മുറി അടിച്ചുവാരി ക്ലീനാക്കുക'' എന്നിവയാണ് പണി. പക്ഷേ ആര്‍ക്കും മൂപ്പരോട് സ്‌നേഹമില്ല എന്നുമാത്രമല്ല അവജ്ഞയുമാണ്. എട്ടുകാലി മമ്മൂഞ്ഞിന് നേരേ മറിച്ചാണ്.
എട്ടുകാലി എന്ന പേരുപോലെ തന്നെ തടിച്ച പള്ളയും കുറിയ ശരീരവും കുഞ്ഞ് തലയുമാണ് മമ്മൂഞ്ഞിന്റേത്. അസാധാരണമായ ശരീരപ്രകൃതിയില്‍ ഒട്ടും ചേര്‍ച്ചയില്ലാതെ ശരീരത്തെയാകെ അപ്രധാനമാക്കി മീശ എഴുന്നു നില്‍ക്കുന്നു. മീശയാവട്ടേ ഇല്ലാത്ത ധീരതയുടെ സൂചകമായി കഥയില്‍ വരുന്നു. (എട്ടുകാലി മമ്മൂഞ്ഞ്). അങ്ങനെ ശേഷിയില്ലായ്‌മയെ(കളെ) മറച്ചുപിടിക്കാനുള്ള ഉപാധിയായി മീശ മാറുന്നു.
താച്ചീനയുടെ ഗര്‍ഭത്തിന്റെ ഉത്തരവാദിത്തം സ്വയം ഏല്‍ക്കുന്നതും താനൊരു ``ഹറാമ്പെറപ്പുകാരനാണെന്ന്'' പ്രഖ്യാപിക്കുന്നതും മീശ പിരിച്ചുകൊണ്ടാണ്.
തനിക്കില്ലാത്ത പൗരുഷം, ധീരത, എന്നിവയുടെ സൂചകമായി മീശ മാറുന്നു. എന്നാല്‍ രണ്ടറ്റവും ഓരോ മുഴം നീളത്തില്‍ വളര്‍ന്നുകിടക്കുന്ന മീശയെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതല്ല മമ്മൂഞ്ഞിന്റെ തല. അത് നന്നേ ഉയരം കുറഞ്ഞ ശരീരത്തില്‍ തീരെ ചെറിയ ഒരെണ്ണം. എട്ടുകാലിയുടെ എട്ടുകാലുകള്‍ മമ്മൂഞ്ഞിന്റെ അധ്വാനപരതയുടെ സൂചകമാണ്. അയാള്‍ക്ക് എന്തു ചെയ്യുന്നതിനും മടിയില്ല.
മെലിഞ്ഞതും കരുത്തുള്ളതുമായ കൈകാലുകളത്രെ മമ്മൂഞ്ഞിന്. ഇങ്ങനെയാണ് ബഷീര്‍ എട്ടുകാലി മമ്മൂഞ്ഞിനെ ഒരു കാരിക്കേച്ചറാക്കുന്നത്. ഇത് ഒരു മുഴുത്ത ചിരിയായി നമ്മളറിയുന്നു. സമൂഹത്തിനുള്ളിലെ മമ്മൂഞ്ഞിന്റെ ഇടപെടല്‍ ഉല്‍പ്പാദിപ്പിക്കുന്ന ഹാസ്യം അടിമ- ഉടമ ബന്ധത്തില്‍നിന്നും ഉരുത്തിരിയുന്ന കറുത്ത ഹാസ്യമാണ്. ഒരര്‍ത്ഥത്തില്‍ അധികാരത്തെ ഉടച്ചെറിയുന്ന ഹാസ്യം കറുത്ത ഹാസ്യത്തിലേക്ക് വഴിമാറുകയാണ് ചെയ്യുന്നത്. ``പ്രസിഡന്റോ പ്രധാനമന്ത്രിയോ പോലും അടേ ആനവാരീ എന്നുവിളിച്ചാല്‍ കോപിക്കുന്ന ആനവാരി രാമന്‍നായരെ'' പക്ഷേ എട്ടുകാലി മമ്മൂഞ്ഞ് `അടേ ആനവാരീ' എന്ന് ചാടിക്കേറി വിളിക്കുകയാണ്. മറ്റുള്ളവരെ ഭയപ്പെടുത്തി നിര്‍ത്തുന്ന കോപത്തേയോ, രാമന്‍നായര്‍ തനിക്കുണ്ടെന്ന് കരുതുന്ന മേല്‍ക്കോയ്‌മയേയോ എട്ടുകാലി മമ്മൂഞ്ഞ് പൊളിച്ചെറിയുന്നു. എന്നാല്‍ എട്ടുകാലി മമ്മൂഞ്ഞ് അടേ ആനവാരീ എന്ന് വിളിക്കുകയും കോപമുണ്ടെങ്കിലും പ്രതികരിക്കാനാവാതെ ആനവാരി രാമന്‍നായര്‍ നില്‍ക്കുകയും ചെയ്യുന്നിടത്ത് കാണുന്ന ഹാസ്യമല്ല താച്ചിയുടെ ഗര്‍ഭത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുമ്പോഴും ``ആ ഹറാമ്പെറന്നോന്‍ ഞമ്മട പുന്നാര മകനേം കൊന്ന്'' എന്നുപറയുമ്പോഴും നാം അറിയുന്നത്. ഇവിടെ അനൗചിത്യമായ ഇടപെടലിലൂടെയുണ്ടാകുന്ന ഹാസ്യത്തിന് ദളിത് അവസ്ഥയുടെ തലംകൂടിയുണ്ട്.
എട്ടുകാലി മമ്മൂഞ്ഞ് സ്വന്തം അധ്വാനത്തേയോ, സ്വമ്മിനെ പോലുമോ തിരിച്ചറിയാതിരിക്കുകയോ, തിരിച്ചറിയാന്‍ ശ്രമിക്കാതിരിക്കുകയോ ചെയ്യുന്നതാണ് സമൂഹത്തിന് അവനോട് അവജ്ഞയുണ്ടാകാന്‍ കാരണം. അവന്‍ ഓരോയിടത്തും ചെന്ന് പണിയെടുക്കുന്നു, പക്ഷേ കൂലിയൊട്ട് ചോദിക്കുന്നുമില്ല. പണിയെടുപ്പിക്കുന്നവരാകട്ടേ എട്ടുകാലി മമ്മൂഞ്ഞിന് കൂലി കൊടുക്കുന്നുമില്ല. കൂലി ചോദിക്കാതിരിക്കുന്നതും കൊടുക്കാതിരിക്കുന്നതും ഒന്നിന്റെ തന്നെ രണ്ടുവശമാണ്. എട്ടുകാലി മമ്മൂഞ്ഞ് (തൊഴിലാളി) സ്വന്തം അധ്വാനത്തിന്റെ മൂല്യത്തെക്കുറിച്ച് ബോധവാനാകാത്തിടത്തോളം തൊഴിലെടുപ്പിക്കുന്നവര്‍ ചൂഷണംചെയ്‌തുകൊണ്ടേയിരിക്കുമെന്ന് ബഷീര്‍ പറഞ്ഞുവയ്‌ക്കുന്നു.
കദീജുമ്മയേയും താച്ചിയേയും സ്വന്തമാക്കുന്ന ഉണ്ടക്കണ്ണന്‍ അന്ത്രു പ്രതിനിധാനം ചെയ്യുന്ന ഫ്യൂഡല്‍ വ്യവസ്ഥയേയും എട്ടുകാലി മമ്മൂഞ്ഞ് പ്രതിനിധാനം ചെയ്യുന്ന ദളിത് അവസ്ഥയേയും ബഷീര്‍ ഒരുപോലെ വിമര്‍ശിക്കുന്നു. മണ്ടന്‍മുത്തപയുടെ ചായക്കടയില്‍ പോയി പണിയെടുത്തിട്ടും എട്ടുകാലി മമ്മൂഞ്ഞിന്റെ പറ്റുപടിയില്‍ കുറവൊന്നുമില്ല. സൈനബയുടെ കണക്കില്‍ എട്ടുകാലി ഏഴണ കടക്കാരനാണ്. (ആനവാരിയും പൊന്‍കുരിശും). എട്ടുകാലി താന്‍ പണിയെടുത്തതിന്റെ കൂലിയെക്കുറിച്ച് ബോധവാനല്ലെങ്കിലും സൈനബ കിട്ടാനുള്ള ലാഭത്തെക്കുറിച്ച് ബോധവതിയാണ്. ഇവിടെ ഒരു തൊഴില്‍ ബന്ധം രൂപപ്പെടുന്നു. സൈനബ തൊഴിലുടമയും എട്ടുകാലി മമ്മൂഞ്ഞ് തൊഴിലാളിയും.
ഒരു തൊഴിലുടമ എന്ന നിലയില്‍ ഉണ്ടക്കണ്ണന്‍ അന്ത്രു കഥയില്‍ പ്രസക്തനാകുന്നു. (എട്ടുകാലി മമ്മൂഞ്ഞ്). ജോലിക്കാരിക്ക് കൂലി കൊടുക്കാതിരിക്കാന്‍ അവളെ ഭാര്യയാക്കുകയും ഭാര്യയെ ശുശ്രൂഷിക്കാന്‍ കൊണ്ടുവന്ന ഭാര്യാസഹോദരിയേയും കൂലിക്കണക്കുകണ്ട് വിവാഹം കഴിക്കുകയും പിന്നീട് അവളുടെ ഗര്‍ഭം ഇല്ലാതാക്കുകയും ചെയ്യുന്നത് ഫ്യൂഡല്‍മനസ്സാണെന്ന് ബഷീര്‍ തിരിച്ചറിയുന്നുണ്ട്.
നാട്ടുകാരുടെ ഓരോരോ ആവശ്യങ്ങള്‍ നിറവേറ്റാന്‍ അധ്വാനിക്കുകയും ആ അധ്വാനത്തെ തിരിച്ചറിഞ്ഞ് കൂലി ചോദിക്കാതിരിക്കുകയും ചെയ്യുന്ന `പരോപകാരമേ പുണ്യം' എന്ന എട്ടുകാലി മമ്മൂഞ്ഞിന്റെ നിലപാടും ഇത് മുതലാക്കുന്ന സമൂഹവും ഒരുപോലെ എതിര്‍ക്കപ്പെടേണ്ടതാണെന്നുവരുന്നു. യഥാതഥമായ കഥാപാത്ര ആഖ്യാനത്തേക്കാള്‍ എട്ടുകാലി മമ്മൂഞ്ഞ് എന്ന കാര്‍ട്ടൂണ്‍ കഥാപാത്രം ഒരു സമൂഹത്തിനുള്ളില്‍ ദളിത് അവസ്ഥ നേരിടുന്ന പ്രശ്‌നം അനുവാചകന്റെയുള്ളിലേക്ക് കുടഞ്ഞിടുന്നു.
ആനവാരി രാമന്‍നായര്‍
കടുവാക്കുഴിക്കുന്നടങ്ങുന്ന ഒമ്പതുമൈല്‍ ചുറ്റളവിനുള്ളിലെ ദേഷ്യക്കാരന്‍. പ്രമാണി. ഇദ്ദേഹത്തിന്റെ ശരീരവടിവിനെപ്പറ്റി കൂടുതല്‍ അറിവില്ലെങ്കിലും കോപമാണ് ആനവാരിയെ അവരുടെ കൂട്ടായ്‌മയില്‍ അടയാളപ്പെടുത്തുന്നത്. ഗൗരവം നിറഞ്ഞ മുഖം. സ്‌ത്രീവിദ്വേഷി. ആനവാരിയുടെ കോപം ഒരിക്കലും അണപൊട്ടാറില്ല. കത്തിജ്ജ്വലിക്കുന്ന ദേഷ്യം തൊട്ടടുത്ത നിമിഷം ആറിത്തണുത്തുപോവുകയാണ്. മൂക്കുചെത്തി ഉപ്പിലിടുമെന്ന് പറയുന്നതല്ലാതെ ആനവാരി രാമന്‍നായര്‍ യാതൊന്നും ചെയ്യുന്നില്ല. ഇതിനാകെയുള്ള അപവാദമായി പൊന്‍കുരിശുതോമയോട് ഏറ്റുമുട്ടുന്നുണ്ടെങ്കിലും(ചെറിയമ്പുഴുയുദ്ധം) അത്ര കാര്യമായൊന്നുമല്ല.
തന്റെ പ്രാമാണിത്തത്തിന് ക്ഷതമേല്‍ക്കുന്ന അനുഭവമുണ്ടാകുമ്പോള്‍ രാമന്‍നായര്‍ കോപിക്കും. ``കഴുത്തു ഞെരുക്കി കൊന്ന് വലിച്ചെറിഞ്ഞാലെന്താ'' എന്നുവരെ തോന്നിപ്പോകുന്ന തരത്തിലുള്ള ദേഷ്യം തൊട്ടടുത്ത നിമിഷം തനിക്ക് പറ്റുന്ന അബദ്ധത്തില്‍ (ബുദ്ധിശൂന്യതയില്‍) ആറിത്തണുത്ത് ഇല്ലാതായിത്തീരുന്നു. ഇതുമൂലമുണ്ടാകുന്ന ചിരി യഥാതഥമായ ആഖ്യാനങ്ങള്‍ നല്‍കുന്നതിനേക്കാള്‍ പതിന്‍മടങ്ങ് ശക്തമാണ്. ആനവാരിയും പൊന്‍കുരിശും എന്ന കഥയില്‍ ഒരു പ്രതാപിയായി നിന്നുകൊണ്ട് രാമന്‍നായര്‍ വിളിക്കുകയാണ്. ```അഡേ തോമാ, ഇവിടെ വാ'....
തോമ പറഞ്ഞു: `തന്റെ അച്ചിയോട് പറയൂ'
രാമന്‍നായര്‍ പറഞ്ഞു: `അച്ചിക്കുപറഞ്ഞാലുണ്ടല്ലോ, നിന്റെ മൂക്കുചെത്തി ഞാനുപ്പിലിട്ടുകളയും.! '
തോമ ചോദിച്ചു: `തന്റെ ഏതച്ചിക്കാണ് ഞാമ്പറഞ്ഞത്'
രാമന്‍നായര്‍ പറഞ്ഞു: `ഇക്കുറി നിനക്ക് മാപ്പ് തന്നിരിക്കുന്നു..പോ'' ഇത്തരം വൈകാരികമായ ഏറ്റക്കുറച്ചിലുകളും ഇടപെടലുകളിലെ ബുദ്ധിശൂന്യതയും യഥാതഥമായ കഥാപാത്രരചനയ്‌ക്ക് ഒട്ടും വഴങ്ങുന്നതല്ല. കാരിക്കേച്ചര്‍ എന്നനിലയില്‍ ആനവാരി രാമന്‍നായര്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുന്നത് കാണാം. ഒരു വലിയ ജനക്കൂട്ടത്തിന്റെ നേതാവായി നിന്നുകൊണ്ട് ആനവാരി രാമന്‍നായര്‍ ചിരിപ്പിക്കുന്നത്, നമ്മുടെ തലച്ചോറില്‍ ചിന്തയുടെ തീപ്പൊരി വിതറിയിട്ടുകൊണ്ടാണ്.
സമൂഹമധ്യത്തില്‍ ഒരു പ്രമാണിയായി സ്വയം അവരോധിക്കുകയും ഫ്യൂഡല്‍ വ്യവസ്ഥയ്‌ക്കുള്ളിലെ പ്രാമാണിത്തത്തിന്റെ യാതൊരു ഘടകവും (പേരിനൊപ്പമുള്ള നായര്‍ എന്ന വാല്‍ ഒഴിച്ചാല്‍) ഇല്ലാതിരിക്കുകയും ചെയ്യുന്ന ഇരട്ടത്തമാണ് രാമന്‍നായരുടെ കഥാപാത്രനിര്‍മ്മിതി.
``ആനവാരി വിചാരിച്ചു: ഇപ്പോള്‍ പൊന്‍കുരിശുണ്ട്, എട്ടുകാലിയുണ്ട്, മണ്ടനുണ്ട്, ഈ നാലുപേരില്‍ കണ്ടമ്പറയന്‍ ആരെ പ്രമാണിയാക്കും..?''(സ്ഥലത്തെ പ്രധാന ദിവ്യന്‍) എന്നാല്‍ കണ്ടമ്പറയന്‍ എന്ന ദിവ്യനെ കാണാന്‍ ചെന്നപ്പോള്‍ കറുമ്പന്‍ ചേന്നന്റെ വെളുത്ത തലയോട് ആരുടേയും കയ്യില്‍ ഏല്‍പ്പിച്ചില്ല, എന്നു മാത്രമല്ല പൊന്‍കുരിശുതോമ, എട്ടുകാലി മമ്മൂഞ്ഞ്, മണ്ടന്‍ മുത്തപ, എന്നിവരോടൊപ്പമിരുത്തി തലയ്‌ക്കുഴിയുകയാണ് ചെയ്‌തത്. തന്റെ പ്രാമാണിത്തത്തിന് ഉലച്ചില്‍ തട്ടിയെന്ന സംശയമായി പിന്നെ രാമന്‍നായര്‍ക്ക്. തൊട്ടടുത്ത നിമിഷം, തന്നെ നേതാവായി ഇവര്‍ അംഗീകരിക്കില്ലേ എന്ന ഭയമാണ്. മറ്റുള്ളവരെ സമശീര്‍ഷമായി കാണാന്‍ കെല്‍പ്പില്ലാത്ത ആനവാരി പിന്നീട് ആലോചിക്കുന്നത് സമരമുറയെക്കുറിച്ചാണ്. നിരാഹാര വ്രതം. നേതൃസ്ഥാനം ഉറപ്പിക്കുക എന്ന ലക്ഷ്യം മാത്രം മുന്നില്‍ കണ്ട് അനുഷ്‌ഠിക്കാവുന്ന ഒന്ന്. ഇതിന്റെ പേരില്‍ ഫണ്ടുപിരിവുമായി സൗഹൃദവൃന്ദവും. തന്റെ നേതൃസ്ഥാനത്തിന് പറ്റിയ ഉലച്ചില്‍ എത്രത്തോളമാണെന്ന് ആനവാരി രാമന്‍നായര്‍ പരീക്ഷിക്കുന്നത് അണികളെക്കൊണ്ട് മുതുക് ചൊറിയിച്ചിട്ടാണ്. എട്ടുകാലിയും മണ്ടനും അല്‍പ്പം ഇടയാന്‍ സാധ്യതയുള്ള പൊന്‍കുരിശുതോമ പോലും ആനവാരിക്ക് മുതുക് ചൊറിഞ്ഞുകൊടുക്കുന്നു. നേതാവിന് മുതുകുചൊറിഞ്ഞുകൊടുക്കലാണ് അണികളുടെ ജോലിയെന്നോ നേതൃസ്ഥാനം അംഗീകരിക്കുന്നത് നേതാവിന് മുതുക് ചൊറിഞ്ഞ് കൊടുത്തുകൊണ്ടാണെന്നോ വളരെ രസകരമായി ആരെയും നോവിക്കാതെ ബഷീര്‍ പറഞ്ഞുവയ്‌ക്കുന്നു. ജനാധിപത്യസമൂഹത്തിന് സംഭവിക്കുന്ന മൂല്യച്യുതിയും സമരമുറകള്‍ അനുഷ്‌ഠാനമായിത്തീരുന്നതും മുമ്പേതിരിച്ചറിഞ്ഞ് ബഷീര്‍ കുറിച്ചിടുകയാണ്.
പൊന്‍കുരിശ് തോമ
ശാന്തപ്രകൃതക്കാരനായ പൊന്‍കുരിശുതോമ ഒരു കാമുകനാണെന്നേ നമുക്കറിയൂ. കുറച്ചുകൂടി കടന്നു പറഞ്ഞാല്‍ ആനവാരി രാമന്‍നായര്‍, മണ്ടന്‍ മുത്തപ, എട്ടുകാലി മമ്മൂഞ്ഞ് എന്നിവരുടെ കൂട്ടത്തില്‍ ആനവാരിയുടെ ഒരേയൊരു റിബല്‍. ആനവാരിയുടെ പ്രാമാണിത്തത്തെ വകവച്ചുകൊടുക്കാതിരിക്കുകയും അയാളുടെ ഫ്യൂഡല്‍ മനസ്സിനെ ചോദ്യംചെയ്യുകയും ചെയ്യുന്നത് പൊന്‍കുരിശുതോമ മാത്രമാണ്. മറ്റ് കഥാപാത്ര ചിത്രീകരണങ്ങളില്‍നിന്ന് വ്യത്യസ്‌തമായി, ഭൗതികമായ വരകള്‍ക്കപ്പുറത്ത് ആഖ്യാനതലത്തിലാണ് ഒരു കാരിക്കേച്ചര്‍ എന്ന നിലയില്‍ പൊന്‍കുരിശുതോമ തെളിയുന്നത്. ``കര്‍ത്താവായ യേശുമിശിഹാ തമ്പുരാനെ ക്രൂശിച്ചത് മരക്കുരിശിലല്ലേ..? പള്ളിക്കെന്തിനാ പൊന്‍കുരിശ്'' എന്ന് പൊന്‍കുരിശ് തോമ ചോദിക്കുന്നത് അതുകൊണ്ടാണ്.
`പെട്ടിക്കകത്ത് പെട്ടി കൂട്ടി' എല്ലാംകൂടെ ഒരറയില്‍ വളരെ ബന്ധവസ്സായി സൂക്ഷിച്ചിരിക്കുന്ന പൊന്‍കുരിശ് ഭക്തജനങ്ങള്‍ക്കുപോലും കാണാന്‍കിട്ടുന്നത് ഉത്സവദിവസം ഏതാനും നിമിഷത്തേക്ക് മാത്രം. ഈ പൊന്‍കുരിശിനെയാണ് ഒരൊറ്റ രാത്രികൊണ്ട് തോമ കട്ടെടുക്കുന്നത്. എന്നാല്‍ പൊന്‍കുരിശ് മോഷ്‌ടിക്കുന്നത് തനിക്കുവേണ്ടിയല്ലെന്നുള്ളതും സ്ഥലത്തെ അധികാര വര്‍ഗ്ഗത്തിന്റെ കാവലാളായ, തോമയ്‌ക്കുമേല്‍ അധികാരം സ്ഥാപിച്ചിട്ടുള്ള പോലീസുകാരനുവേണ്ടിയാണെന്നുള്ളതും തോമയുടെ കാരിക്കേച്ചര്‍ സ്വഭാവത്തെ കൂടുതല്‍ ദൃഢമാക്കുന്നു. കുറ്റവാളിയായി ലോക്കപ്പ് മുറിയില്‍ കിടക്കുന്ന തോമ ഇടിവെട്ടി പെയ്യുന്ന മഴയത്ത് കുരിശ് മോഷ്‌ടിക്കാന്‍ പോകുന്ന ദൃശ്യം മതത്തിലേക്കും സാമാന്യജനത്തിലേക്കും ഒരുപോലെ സൂചിമുന പായിക്കുന്നു. ബഷീര്‍ പറയുന്നു:
``ഇരുപതാമത്തെ ദിവസം രാത്രി നല്ല കാറ്റും മഴയും. വേണ്ടത്ര തണുപ്പുമുണ്ട്. നല്ലവണ്ണം ആഹാരം കഴിച്ചിട്ടുള്ളവര്‍ക്ക് പുതപ്പിനുള്ളില്‍ സുഖമായി കിടന്നുറങ്ങാം.'' എന്നാല്‍ തോമയ്‌ക്കും പോലീസുകാരനായ പളുങ്കന്‍ കൊച്ചുകുഞ്ഞിനും ഉറക്കം വന്നില്ല. പൊന്‍കുരിശിന്റെ കാവലാളുകള്‍ കുരിശ് മോഷ്‌ടിക്കുന്നത് അറിയാത്തവിധം ഉറക്കത്തിലായിരിക്കുമ്പോള്‍ സുഖമോ സുരക്ഷിതത്വമോ ഇല്ലാത്ത തുറസ്സില്‍ ജീവിച്ചുകൊണ്ടാണ് യേശുക്രിസ്‌തുവിന്റെ കുരിശ് മോഷ്‌ടിക്കാന്‍ പോകുന്ന തോമയും തോമയ്‌ക്കുവേണ്ടി കര്‍ത്താവിനെ വിളിച്ച് പ്രാര്‍ത്ഥിക്കുന്ന കൊച്ചുകുഞ്ഞ് പോലീസും സമകാലിക സാമൂഹ്യ യാഥാര്‍ത്ഥ്യത്തെ നമ്മുടെമുന്നില്‍ മറനീക്കി കാണിക്കുന്നത്. കെട്ടിച്ചയയ്‌ക്കാന്‍ പെണ്‍മക്കളുള്ള, തളര്‍വാതം പിടിപെട്ട അമ്മമാരുള്ള ഭക്തരായ `കൊച്ചുകുഞ്ഞുങ്ങള്‍' സമൂഹത്തില്‍ ജീവിക്കുകയും പള്ളിയുടെ ഉള്ളറകളില്‍ പൊന്‍കുരിശുകള്‍ നിര്‍മ്മിക്കപ്പെടുകയും സൂക്ഷിക്കപ്പെടുകയും ചെയ്യുന്നിടത്തോളം കാലം പൊന്‍കുരിശുതോമ ഇടപെടും; എന്നല്ല ഇടപെട്ടുകൊണ്ടേയിരിക്കും.
മണ്ടന്‍ മുത്തപ
``കല്യാണങ്ങള്‍, ചാവടിയന്തരങ്ങള്‍, കാളച്ചന്തകള്‍, ഉത്സവങ്ങള്‍, ഘോഷയാത്രകള്‍, മീറ്റിംഗുകള്‍, ഗുസ്‌തി, പന്തുകളി, സാഹിത്യ സമ്മേളനങ്ങള്‍, രാഷ്‌ട്രീയ മേളകള്‍, ശവഘോഷയാത്രകള്‍..തുടങ്ങി ബഹുജനമെവിടെയുണ്ടോ അവിടെയൊക്കെ ഹാജരാകുന്ന'' രാഷ്‌ട്രീയക്കാരന്റെ മുഖമാണ് പോക്കറ്റടിക്കാരനായ മണ്ടന്‍മുത്തപയ്‌ക്ക്. അവന്‍ ജനക്കൂട്ടത്തിനിടയില്‍ അവരുടെ ഭാഗമായി നിന്ന് ബഹുജനത്തിന്റെ പോക്കറ്റടിക്കുകയാണ്. ഇവിടെ സാമൂഹ്യപ്രവര്‍ത്തനവും പോക്കറ്റടിയും പരസ്‌പരം കൈകോര്‍ക്കുന്നു.
ആറടി രണ്ടിഞ്ച് പൊക്കമാണ് മുത്തപയ്‌ക്ക്. നീണ്ടുമെലിഞ്ഞ വിരലുകളുള്ള കൈക്കുമേലൊരു പഴയ ഷാള്‍. ഇരുപത്തൊന്നുവയസ്സുള്ള കറുത്ത മണ്ടന്‍മുത്തപ കോങ്കണ്ണനുമാണ്. ഇതുകൂടാതെ വെളുത്ത പല്ലുകള്‍ കാട്ടിയുള്ള ചിരിയും ചേരുമ്പോഴാണ് മണ്ടന്‍മുത്തപ ഒരു കാരിക്കേച്ചര്‍ ആകുന്നത്. പൊതുജന മധ്യത്തില്‍ വച്ച് താന്‍ ചൂണ്ടിക്കാണിക്കപ്പെടുമ്പോഴും ആരോപണങ്ങള്‍ വരുമ്പോഴുമെല്ലാം മണ്ടന്‍മുത്തപ അതിനെ ഒരു ചിരിയോടെയാണ് നേരിടുന്നത്. എന്തിന് സൈനബയുടെ മടിയില്‍ കിടക്കുന്നത് സൈനബയുടെ ബാപ്പയായ ഒറ്റക്കണ്ണന്‍ പോക്കര്‍ കണ്ടുകൊണ്ട്‌വരുമ്പോഴും കപ്പക്കിഴങ്ങുകൊണ്ടുള്ള പോക്കറുടെ ഏറ് കൊള്ളുമ്പോഴും മണ്ടന്‍ മുത്തപ ചിരിക്കുകയാണ്.
ഒറ്റക്കണ്ണന്‍ പോക്കര്‍
`വണ്‍ ഐസ് മങ്കി' എന്ന് ബുദ്ധിജീവികള്‍ വിളിക്കുന്ന ബുദ്ധിജീവിയായ പോക്കര്‍ക്ക് ഒരു കണ്ണേയുള്ളൂ. വെളുത്ത് തടിച്ച് നാല്‍പ്പത്തിയൊമ്പതു പ്രായത്തിലൊരു മനുഷ്യന്‍. മുറുക്കാന്‍ ചവച്ച് കറ പിടിച്ച പല്ലാണ് അയാള്‍ക്ക്. മുച്ചീട്ടുകളിക്കാന്‍ വരുന്നവരുടെ കണ്ണുവെട്ടിച്ചാണ് ഉപജീവനം `ഇരുപത്തിരണ്ട് വര്‍ഷത്തിനുള്ളില്‍' തന്റെ അറിവോ സമ്മതമോ ഇല്ലാതെ ആരും മുച്ചീട്ടുകളി ജയിച്ചിട്ടില്ലെന്ന് കഥയിലൊരിടത്ത് പറയുന്നുണ്ട്. (മുച്ചീട്ടുകളിക്കാരന്റെ മകള്‍). അങ്ങനെയുള്ള പോക്കരുടെ കണ്ണുവെട്ടിച്ച് മകള്‍ സൈനബ മണ്ടന്‍മുത്തപയ്‌ക്കുവേണ്ടി രൂപച്ചീട്ടില്‍ സുഷിരമിട്ട് അടയാളം വയ്‌ക്കുന്നുണ്ട്. ഇവിടെ `കാഴ്‌ചകള്‍' തമ്മിലുള്ള മുച്ചീട്ടുകളിയാണ്. അതുകൊണ്ടാണ് പോക്കരുടെ കണ്ണിന് പ്രമുഖ സ്ഥാനം വരുന്നത്.
സാമാന്യജനത്തിന്റെ (ഉള്‍)കാഴ്‌ചകളെ മറച്ചുപിടിച്ച്, ഇടയ്‌ക്കിടയ്‌ക്ക് ബോധപൂര്‍വ്വം വിജയം സമ്മാനിച്ച്, വീണ്ടും വീണ്ടും മുച്ചീട്ടുകളിക്കാന്‍ പ്രേരിപ്പിക്കുന്ന കച്ചവടതന്ത്രത്തിന്റെ കാവലാളായാണ് ഒറ്റക്കണ്ണന്‍ പോക്കറെ നമ്മള്‍ കാണുന്നത്. ``പത്തില്‍ ഒന്നുവീതമല്ല- ആറുവീതം ഒറ്റക്കണ്ണന്‍ പോക്കര്‍ ബഹുജനങ്ങളെ ജയിപ്പിക്കും. എന്നാല്‍ ഈ വിധം ജയിക്കുന്ന ബഹുജനം എപ്പോഴും ഒറ്റക്കണ്ണന്‍ പോക്കറുടെ ഏതെങ്കിലുമൊരു അപ്രന്റീസായിരിക്കും.''(മുച്ചീട്ടുകളിക്കാരന്റെ മകള്‍). ധനമോഹികളായ ബഹുജനത്തെയാണ് പോക്കര്‍ ഉന്നം വയ്‌ക്കുന്നത്. ബഷീര്‍ പറയുന്നു: ``എങ്ങനെയായാലും ഒന്നുവച്ചാല്‍ രണ്ടുകിട്ടാന്‍ ആഗ്രഹമില്ലാത്ത ബഹുജനങ്ങളുണ്ടോ''
പുരാണ കഥാപാത്രങ്ങളെ അമാനുഷതലത്തില്‍നിന്നും മനുഷ്യന്‍ വിഹരിക്കുന്ന ഭൂഗോളത്തിലേക്ക് വലിച്ചിറക്കിക്കൊണ്ടുവന്ന് അവര്‍ക്കൊപ്പം നിര്‍ത്തിയ കുഞ്ചന്‍നമ്പ്യാരുടെ പിന്‍തുടര്‍ച്ച ബഷീറില്‍ വായിച്ചെടുക്കാനാകും. കേളന്മാരുടേയും കുമ്മിണിമാരുടേയും നായന്മാരുടേയും പട്ടന്മാരുടേയും നടുവിലേക്ക് ഇന്ദ്രനേയും ശ്രീകൃഷ്‌ണനേയുമൊക്കെ ഇറക്കിക്കൊണ്ടുവരികയാണ് കുഞ്ചന്‍നമ്പ്യാര്‍ ചെയ്‌തതെങ്കില്‍, നായരേയും ക്രിസ്‌ത്യാനിയേയും മുസല്‍മാനേയും മുന്നില്‍ നിര്‍ത്തി സമൂഹത്തിലെ വ്യവസ്ഥകളെ മുഴുവനും അവരില്‍ ആരോപിക്കുകയാണ്. കൊള്ളരുതായ്‌മകള്‍ക്കെതിരെ ചോദ്യമുന്നയിക്കുന്നതും നീതിപൂര്‍വ്വമായ ലോകത്തോട് കൂറ് പ്രഖ്യാപിക്കുന്നതും ആനവാരിയും പൊന്‍കുരിശും എട്ടുകാലിയുമാണ്. ഇവര്‍ അവരവരുടെ ജീവിത പരിസരത്തുനിന്നുകൊണ്ടാണ് പ്രശ്‌നത്തില്‍ ഇടപെടുകയും ചോദ്യമുന്നയിക്കുകയും ചെയ്യുന്നത് എന്നുള്ളതാണ് പ്രധാന സംഗതി.
നമ്പ്യാരുടെ ഏതാണ്ടെല്ലാ കഥാപാത്രങ്ങളും കാരിക്കേച്ചറുകളാണ്. `സഭാപ്രവേശത്തില്‍' (പറയന്‍തുള്ളല്‍) പാണ്‌ഡവര്‍ താമസിക്കുന്ന ഇന്ദ്രപ്രസ്ഥത്തില്‍ ദുര്യോധനന്‍ എത്തുന്ന രംഗം നമ്പ്യാര്‍ കുറിക്കുന്നു:
``ഭവ്യനായുള്ള സുയോധന ഭൂപന്‍
വെള്ള സ്‌ഫടിക സ്ഥലങ്ങളിലെല്ലാം
വെള്ളമുണ്ടെന്നൊരു ശങ്കതുടങ്ങി
ഉള്ളില്‍ വിളങ്ങുന്ന രത്‌നങ്ങള്‍ കണ്ടാല്‍
തുള്ളിയലയ്‌ക്കുന്ന നീരെന്നുതോന്നും
നീരുള്ള ദിക്കെന്നുറച്ചുപതുക്കെ
നീന്തുവാനുള്ളൊരു വട്ടങ്ങള്‍ കൂട്ടി
വീരാളിപ്പട്ടു ചെരച്ചുകയറ്റി
വീരന്‍ പതുക്കെപ്പദംകൊണ്ട് തപ്പി
പിമ്പില്‍ നടക്കുന്ന തമ്പിമാരെല്ലാം
മുമ്പില്‍ നടക്കുന്ന ചേട്ടനെപ്പോലെ
ചന്തത്തിലുള്ളൊരു പട്ടുമുയര്‍ത്തി
കുന്തിച്ചു കുന്തിച്ചു യാത്ര തുടങ്ങി.'' (കുഞ്ചന്‍ നമ്പ്യാരുടെ തുള്ളല്‍ കൃതികള്‍ പു; 766)
ഉണ്ടക്കണ്ണന്‍ അന്ത്രുവിന്റെ കരാറേറ്റെടുത്ത് ചാണകം മോഷ്‌ടിക്കാന്‍ ആനവാരി രാമന്‍നായര്‍ തന്റെ സംഘാംഗങ്ങളായ പൊന്‍കുരിശുതോമ, എട്ടുകാലി മമ്മൂഞ്ഞ്, മണ്ടന്‍ മുത്തപ എന്നിവരോടൊപ്പം പോകുന്ന രംഗം നമ്പ്യാരുടെ `സഭാപ്രവേശത്തിലെ' ഈ വരികളെ ഓര്‍മ്മപ്പെടുത്തുന്നു. ബഷീര്‍ എഴുതുന്നു: `` പൊതുവായുള്ള ഇരുട്ടിനേക്കാള്‍ കറുത്തുകണ്ട ചാണകക്കൂമ്പാരത്തിനടുത്ത് കുട്ട വച്ച് രാമന്‍നായര്‍ മണ്‍വെട്ടികൊണ്ട് ആഞ്ഞൊന്ന് വെട്ടിയ ഓര്‍മ്മയേയുള്ളൂ. അപ്പോഴേക്കും ആകാശവും ഭൂമിയും നടുങ്ങത്തക്ക വിധത്തില്‍ ആ ചാണകക്കൂമ്പാരം ഒരാനയായി അമറാന്‍ തുടങ്ങി!''.
ഗ്രാമാന്തരീക്ഷത്തില്‍ നിന്നുകൊണ്ട് നാഗരികമായ അംശത്തെ ബഷീര്‍ നോക്കിക്കാണുകയാണ്. ഗ്രാമത്തിനുപുറത്തുള്ളവരെല്ലാം സ്ഥലവാസികളെ സംബന്ധിച്ച് വിദേശികളാണ്. ``ആനവാരി രാമന്‍ നായര്‍ പ്രസ്‌താവിച്ചു: വിദേശികള് ചന്തേവന്നോട്ടെ, കച്ചവടം ചെയ്‌തോട്ടെ, പൊയ്‌ക്കോട്ടെ!
പൊന്‍കുരിശുപറഞ്ഞു: സന്ധ്യ കഴിഞ്ഞാല്‍ ഒന്നിനേം സ്ഥലത്ത് കാണരുത് !'' ഇത് ഒരുതരത്തില്‍ പ്രതിരോധം കൂടിയാണ്. കൊച്ചുനീലാണ്ടനും പാറുക്കുട്ടിയുമടക്കം രണ്ടായിരത്തി ഇരുന്നൂറ്റിപ്പന്ത്രണ്ട് ജനസംഖ്യയുള്ള ഭൂപ്രദേശത്തിന്റെ സംരക്ഷണാര്‍ത്ഥമുള്ള പ്രതിരോധം. അന്യമായ ഒന്നിനും സ്ഥലത്തിനുള്ളിലേക്ക് പ്രവേശനമില്ല. സ്ഥലവാസികളുടെ കാര്യങ്ങള്‍ നിര്‍ണ്ണയിക്കുന്നത് അവര്‍തന്നെയാണ്. സര്‍ക്കാര്‍ അവര്‍ക്ക് മൂരാച്ചി സര്‍ക്കാരാണ്. പോലീസ് മൂരാച്ചി പോലീസും. സ്ഥലവാസികളുടെ ഇടയില്‍ ജീവിച്ച്, അവരെ സംശയിച്ച്, അവരില്‍പ്പെട്ടവരെ ലോക്കപ്പിലിട്ട്, സ്ഥലവാസികളില്‍ ചിലരുടെ പക്കല്‍നിന്ന് കോഴ വാങ്ങി ഉപജീവനം നടത്തുന്ന മൂരാച്ചിപ്പോലീസ്.
ഗാന്ധിയുടെ സങ്കല്‍പമായ സ്വയംപര്യാപ്‌ത ഗ്രാമത്തിന്റെ കാരിക്കേച്ചര്‍വത്‌കരണമാണ് `സ്ഥലത്തിലൂടെ' ബഷീര്‍ നിര്‍വ്വഹിക്കുന്നത്. പുറമേനിന്നുള്ള ഒന്നിനേയും സ്ഥലവാസികള്‍ സ്വീകരിക്കുന്നില്ല. അവര്‍ക്കുവേണ്ടതെല്ലാം അവര്‍ സ്വയം നിര്‍മ്മിക്കുന്നു. കൊട്ടിയടയ്‌ക്കപ്പെട്ട ഒരു ഭൂപ്രദേശത്തിനുള്ളില്‍ ചുരുങ്ങിക്കൂടി ജീവിക്കുന്നവരുടെ ജീവചരിത്രാഖ്യാനം കൂടിയാണ് ബഷീറിന്റെ കൃതികള്‍ എന്നുപറയാം. ഒരു ഗ്രാമത്തെ മുഴുവന്‍ കാരിക്കേച്ചറാക്കി അതിനുള്ളില്‍ ആനവാരിയും എട്ടുകാലിമമ്മൂഞ്ഞുമടങ്ങുന്ന കാരിക്കേച്ചറുകളെ ഒളിപ്പിച്ചുവയ്‌ക്കുകയാണ് ബഷീര്‍.
സഹായക ഗ്രന്ഥങ്ങള്‍
1) ബഷീര്‍ സമ്പൂര്‍ണ്ണ കൃതികള്‍- 1997, ഡി സി ബുക്‌സ്, കോട്ടയം
2) മരുഭൂമികള്‍ പൂക്കുമ്പോള്‍- എം എന്‍ വിജയന്‍, 2003, ലിപി പബ്ലിക്കേഷന്‍സ്, കോഴിക്കോട്
3) കുഞ്ചന്‍നമ്പ്യാരുടെ തുള്ളല്‍ കൃതികള്‍- 1989 സി ബി ഇ ബി എഫ്, കോട്ടയം
4) ബഷീര്‍ ഏകാന്തവീഥിയിലെ അവധൂതന്‍- പ്രൊഫ. എം കെ സാനു, 2007, ഡി സി ബുക്‌സ്, കോട്ടയം