കരയാന്‍ പഠിക്കുക... ചിരിക്കാനും

തെങ്ങുകയറ്റത്തൊഴിലാളിയാവാന്‍ തെങ്ങില്‍ കയറണമെന്നില്ലെന്നും തെങ്ങില്‍ കയറുന്നതായി നടിച്ചാല്‍ മതിയെന്നും പറയുമ്പോള്‍ തേങ്ങയിട്ടതിന്റെ കൂലി നാം ചോദിക്കേണ്ടതുണ്ട്‌. അങ്ങനെ ചോദിക്കണമെങ്കില്‍ തേങ്ങയിട്ട്‌ ഉപജീവനം നടത്തുകയാണോ അതോ തേങ്ങയിടുന്നത്‌ കിനാവുകണ്ട്‌ പട്ടിണികിടക്കുകയാണോ വേണ്ടത്‌ എന്ന്‌ തീരുമാനിക്കണം. പെട്ടെന്നൊരു തീരുമാനത്തിലെത്താന്‍ നമുക്ക്‌ കഴിയണമെന്നില്ല കാരണം ജോലിയെടുക്കാതിരിക്കുന്നതിന്‌ കൂലിതരാന്‍ സ്‌പോണ്‍സര്‍മാര്‍ തയ്യാറാണ്‌. ഗായകനായി നടിച്ചാല്‍ ഒരു കോടിയും വീടും ലഭിക്കും. ഈ സമ്മാനത്തുകയില്‍ നമ്മുടെ കുട്ടികള്‍ വിറ്റുതുലയ്‌ക്കുന്നത്‌ അവരുടെ സര്‍ഗാത്മകതയാണ്‌ എന്ന്‌ സാവധാനം മനസിലാകുന്നു. ഇവിടെ നമ്മള്‍ ഒരു വിപണിക്കകത്താണ്‌.

December 7, 2009




സമരായുധമാകുന്ന ഭാഷ



മനുഷ്യര്‍ക്ക്‌ ആശയവിനിമയോപാധിയാണ്‌ ഭാഷ എന്നുള്ളത്‌ പഴയ നിര്‍വചനമാണ്‌. മനോവ്യാപാരങ്ങളുടെ സംവേദനം സാധ്യമാക്കുന്നതുമാണ്‌ ഭാഷയെന്നും ഇത്‌ സാംസ്‌കാരികമായ രേഖപ്പെടുത്തലുകളാണെന്നുമുള്ള അറിവ്‌ പിന്നീടുണ്ടായി. ഒരു പ്രത്യേക സാംസ്‌കാരിക മണ്‌ഡലത്തിനുള്ളില്‍ രൂപപ്പെടുന്ന മനോവ്യാപാരങ്ങളേയും ചിന്തകളേയും ആശയങ്ങളേയും തിരിച്ചറിയാന്‍കൂടിയുള്ളതാണ്‌ ഭാഷ എന്ന ചിന്ത ആധുനിക ഭാഷാശാസ്‌ത്രത്തിന്റെ ശാഖയായ സാമൂഹികഭാഷാശാസ്‌ത്രം നല്‍കുന്ന അറിവാണ്‌. നിയമങ്ങളും വ്യവസ്ഥകളും കൊണ്ട്‌ നിര്‍മിച്ചെടുത്ത ഭാഷാപ്രയോഗങ്ങള്‍ക്ക്‌ പുറത്തുകടന്ന്‌ ഭാഷയെ നോക്കിക്കാണുമ്പോഴാണ്‌ ഭാഷ എല്ലാക്കാലത്തും ഒരു ആയുധമായിരുന്നു എന്ന്‌ നാം മനസ്സിലാക്കുന്നത്‌. അതായത്‌ ഒരു പ്രത്യേക സമൂഹത്തെ/ വ്യവസ്ഥയെ/ താത്‌പര്യത്തെ സംരക്ഷിച്ച്‌ നിര്‍ത്താനായി കൃത്യമായ ആസൂത്രണത്തിലൂടെ നിര്‍മിച്ചെടുത്ത ആയുധങ്ങള്‍. ഇവയുടെ തുമ്പുകൊണ്ട്‌ സമൂഹത്തിന്‌ പലപ്പോഴും മുറിവേറ്റു. സമൂഹത്തിന്റെ പൊതു മനസ്സിനേറ്റ ഇത്തരം മുറിവുകളെ സമാഹരിച്ച്‌, വേദനയുടെ ആഴമളന്ന്‌ ആയുധത്തിന്റെ മൂര്‍ച്ച തിട്ടപ്പെടുത്തേണ്ടത്‌ പുതിയ കാലത്തിന്റെ ആവശ്യമാണ്‌. സാമൂഹ്യഭാഷാശാസ്‌ത്രം ഇതിന്റെ പുതുവഴിയാണ്‌. സമൂഹവും ഭാഷയും തമ്മിലുള്ള ബന്ധത്തെ അത്‌ ശാസ്‌ത്രീയമായി വിശദീകരിക്കുന്നു. ലിപിവ്യവസ്ഥ ഉണ്ടാകുന്നതിനുമുമ്പ്‌, അക്ഷരം പിറവിയെടുക്കുന്നതിനും മുമ്പ്‌, ആംഗ്യങ്ങളിലൂടെയോ പിന്നീട്‌ ശബ്‌ദങ്ങളിലൂടെയോ മനുഷ്യന്‍ ആശയക്കൈമാറ്റം നടത്തിയിരുന്നു. ഇതിനെ ഭാഷയെന്നു വിളിച്ചാലും ഇല്ലെങ്കിലും ഭാഷാപഠനത്തിന്റെ പ്രാഥമിക ഘട്ടം തുടങ്ങുന്നത്‌ ആംഗ്യങ്ങളേയും ശബ്‌ദങ്ങളേയും തിരിച്ചറിഞ്ഞുകൊണ്ടാണ്‌. ഘടനാവാദത്തിന്‌ അടിത്തറയിട്ട സ്വിസ്സ്‌ ഭാഷാ ശ്‌സ്‌ത്രജ്ഞനായ ഫര്‍ഡിനന്റ്‌ ദെ സൊസ്യൂറിനെ സ്‌മരിച്ചുകൊണ്ട്‌ പറഞ്ഞാല്‍.ശബ്‌ദം ചിന്തയുടെ ഉപകരണമാണ്‌. ഒരു സ്രോതസ്സില്‍നിന്നും പുറപ്പെട്ട ശബ്‌ദം മനുഷ്യന്റെ ചിന്തയെ ഉണര്‍ത്തിയപ്പോഴാണ്‌ ശബ്‌ദമുണ്ടാകുന്നതിനെക്കുറിച്ചും ശബ്‌ദവ്യതിയാനങ്ങളെക്കുറിച്ചും ഈ ശബ്‌ദം ഒരു ആയുധമാണെന്നും ബോധ്യമുണ്ടായത്‌. `പെര' എന്ന ശബ്‌ദം ഉണ്ടാകുന്നത്‌ അങ്ങനെയാണ്‌. പെരയെ, പുര/വീട്‌/ഭവനം/ഗൃഹം എന്ന്‌ വിളിക്കണമെന്ന്‌ വ്യവസ്ഥയുണ്ടാവുന്നതും പുരയെങ്കില്‍ അധമവും മറ്റുള്ളവ ശ്രേഷ്‌ഠവും ആകുന്നതും മലയാളത്തിന്റെ വരേണ്യ സമൂഹത്തിലാണ്‌. അതുകൊണ്ടാണ്‌ചന്ദനലതാഗൃഹമിദംചന്ദ്രമണീശിലമപ്രിയം ന മമചന്ദ്രാനനയാരഹിതംചന്ദ്രികയാമുഖമിവ നിശായേ (സ്വപ്‌നവാസവദത്തം ...................................................................................) എന്ന ശ്ലോകത്തിലെ ഗൃഹത്തെക്കുറിച്ച്‌ സമൂഹം വാചാലമാവുകയുംകുന്നുമ്മേലെപ്പെരവയ്യെന്റപ്പാഏരേരി എന്റപ്പാ പോണോരേം കാണാം വരണോരേം കാണാംഏരേരി എന്റപ്പാ (നാടന്‍പാട്ട്‌) എന്ന വരികളിലെ `പെര'യെക്കുറിച്ച്‌ ഒന്നും മിണ്ടാതിരിക്കുകയും ചെയ്‌തത്‌. പിന്നീട്‌ ശബ്‌ദങ്ങള്‍ രേഖപ്പെടുത്തുന്ന ഘട്ടത്തില്‍ പെര എന്ന്‌ പറയുന്നത്‌ തെറ്റെന്നും പുര എന്ന്‌ എഴുതുന്നതാണ്‌ ശരിയെന്നും വന്നു. ഈ ശരി ജനാധിപത്യ സമൂഹത്തിനുള്ളില്‍ രൂപപ്പെട്ടുവന്ന ഒന്നല്ല. ഒരു പ്രത്യേക വ്യവസ്ഥയ്‌ക്കുള്ളില്‍ നിന്നുകൊണ്ട്‌ മറ്റൊന്ന്‌ തെറ്റാണെന്ന്‌ വിളിച്ചുപറയുകയാണ്‌ ചെയ്‌തത്‌. ഈയൊരു നിലപാടിനെ സാമൂഹ്യ ഭാഷാശാസ്‌ത്രം എതിര്‍ക്കുന്നുണ്ട്‌. തെറ്റ്‌/ ശരി വിഭജനങ്ങളെ അത്‌ നിഷേധിക്കുന്നു.സൊസ്യൂര്‍ പറഞ്ഞ മറ്റൊരുകാര്യം ഇവിടെ പ്രസക്തമാണ്‌. ഭാഷ ഒരേസമയം ഭൂതകാലത്തിന്റെ ഉല്‍പ്പന്നവും വര്‍ത്തമാനകാലത്തിന്റെ വ്യവസ്ഥയുമാണെന്നാണ്‌ അദ്ദേഹം പറഞ്ഞത്‌. ഇവിടെ ചരിത്രത്തിലേക്കുള്ള മടക്കം തിരിച്ചറിയാനാവും. എന്നാല്‍ ഇങ്ങനെയുള്ള ഭാഷയെ അതിന്റെ ഘടനയിലൂടെ വിശകലനം ചെയ്യാമെന്നുപറയുന്നിടത്ത്‌ ചരിത്രനിഷേധമാണുള്ളത്‌. ഈയൊരാശയത്തെ പിന്നീട്‌ വന്നവര്‍ ചോദ്യം ചെയ്‌തു. പുര എന്നതിന്‌ ഇന്ന്‌ പന്തല്‍ എന്ന്‌ നാം അര്‍ഥം പറയും. എന്നാല്‍ ഭൂതകാലത്തില്‍ `പെര'യ്‌ക്ക്‌ പാര്‍പ്പിടമെന്നാണ്‌ അര്‍ഥം. അതായത്‌ വീട്‌/ ഭവനം/ ഗൃഹം എന്ന ഒന്നിനെ സങ്കല്‍പ്പിക്കാന്‍പോലും കഴിയാത്ത ഒരു സാമൂഹ്യ പരിസരത്താണ്‌ `പെര' എന്ന വാക്കിന്റെ ഉല്‍പ്പത്തി. അതുകൊണ്ടാണ്‌ ഒരു വാക്കിന്‌ വിവിധ കാലഘട്ടത്തില്‍ വിവിധ അര്‍ഥങ്ങള്‍ വന്നുചേരുന്നത്‌ വിശദമാക്കണമെങ്കില്‍ അതത്‌ കാലഘട്ടങ്ങളിലെ സാമൂഹ്യാവസ്ഥകളെക്കൂടി പരിഗണിക്കേണ്ടതുണ്ട്‌ എന്ന്‌ പറയുന്നത്‌. ഇക്കാര്യം പക്ഷേ സൊസ്യൂര്‍ മറക്കുന്നില്ല. ഭാഷയ്‌ക്ക്‌ ഒരേസമയം വൈയക്തികവും സാമൂഹികവുമായ തലങ്ങളുണ്ടെന്നും അവയില്‍ ഒന്നിനെ ഒഴിവാക്കി മറ്റൊന്നിനെക്കുറിച്ച്‌ ചിന്തിക്കുക വിഷമമാണെന്നും അദ്ദേഹം പറയുന്നുണ്ട്‌. കൊളോണിയല്‍കാലത്തെ കൃതിയായ ഇന്ദുലേഖ നമ്മുടെ ഭാഷയില്‍ ഇടപെട്ടത്‌ ചന്തുമേനോന്റെ മുഖവുരയുമായാണ്‌. അദ്ദേഹം എഴുതുന്നു: ``സംസ്‌കൃത പരിജ്ഞാനം എനിക്ക്‌ ഉണ്ടെങ്കിലും പലേ സംസ്‌കൃതവാക്കുകളും മലയാളഭാഷയില്‍ നോം മലയാളികള്‍ സംസാരിച്ചുവരുമ്പോള്‍ ഉപയോഗിക്കുന്ന മാതിരിയിലാണ്‌ ഈ പുസ്‌തകത്തില്‍ സാധാരണയായി ഞാന്‍ ഉപയോഗിച്ചിട്ടുള്ളത്‌............................................ ഇതുകൂടാതെ കര്‍തൃകര്‍മ്മക്രിയകളേയും അകര്‍മ്മകസകര്‍മ്മകക്രിയാപദങ്ങളേയും സാധാരണ സംസാരിക്കുമ്പോള്‍ ഉപയോഗിക്കുന്ന മാതിരിതന്നെയാണ്‌ ഈ പുസ്‌തകത്തില്‍ പലേടങ്ങളിലും ഉപയോഗിച്ച്‌ വന്നിരിക്കുന്നത്‌ എന്നുകൂടി ഞാന്‍ ഇവിടെ പ്രസ്‌താവിക്കുന്നു.''(ഇന്ദുലേഖ ഒന്നാം അച്ചടിപ്പതിപ്പിന്റെ അവതാരിക, ഒ ചന്തുമേനോന്‍. 1983, എന്‍ ബി എസ്‌ പതിപ്പ്‌) ചന്തുമേനോന്റെ ഈ വാക്കുകളെ മുഖവിലയ്‌ക്കെടുത്തുകൊണ്ട്‌ പരിശോധിച്ചാല്‍ നോവലിന്റെ പ്രാരംഭ അധ്യായത്തില്‍ പാര്‍വ്വതി അമ്മ മാധവനോട്‌ സംസാരിക്കുന്നുണ്ട്‌. ``പാര്‍വ്വതിഅമ്മ: പിന്നെയൊ; അതിനെന്താണ്‌ സംശയം ? ജേഷ്‌ഠനും അമ്മാമനും ഹിതമല്ലാത്തത്‌ എനിക്കും ഹിതമല്ല. ആട്ടേ ഈ കഞ്ഞി കുടിക്കൂ, എന്നിട്ട്‌ സംസാരിക്കാം. നേരം ഉച്ചയായി. കുടുമ എന്തിനാണ്‌ എപ്പോഴും ഇങ്ങനെ തൂക്കിയിടുന്നത്‌. ഇങ്ങട്ട്‌ വരൂ; ഞാന്‍ കെട്ടിത്തരാം. കുടുമ പകുതി ആയിരിക്കുന്നു.'' ഈയൊരു ഭാഷാപ്രയോഗം പ്രാദേശികമായ ഭാഷാരീതികള്‍ക്കുമേലൊരു രീതിശാസ്‌ത്രവും ലക്ഷണവും നിര്‍മിച്ചെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നമ്മള്‍ തിരിച്ചറിയുന്നു. സമൂഹത്തിന്റെ ഉപരിവര്‍ഗം സംസാരിക്കുന്ന ഭാഷയില്‍ എല്ലാവരും സംസാരിക്കണമെന്നും എഴുത്തുഭാഷയും സംസാരഭാഷയും വ്യത്യസ്‌തമാണെങ്കിലും സംസാരഭാഷകളെ ഒറ്റച്ചരടില്‍ കോര്‍ത്തിടാനുള്ള ശ്രമം `ഇന്ദുലേഖ'യില്‍ കാണാം. ആദ്യ ഘട്ടത്തില്‍ ഭാഷയ്‌ക്ക്‌ ലക്ഷണം ചമയ്‌ക്കുകയും പിന്നീട്‌ അതേ ഭാഷകൊണ്ട്‌ പുരുഷനും സ്‌ത്രീക്കും ലക്ഷണം പറയുകയും ചെയ്യുന്നുണ്ട്‌. ഉത്തമപുരുഷന്‍/ അധമപുരുഷന്‍, ഉത്തമസ്‌ത്രീ/ അധമ സ്‌ത്രീ എന്ന വിഭജനത്തില്‍ നിന്നുകൊണ്ടാണ്‌ ചന്തുമേനോന്റെ വരേണ്യഭാഷ നമ്മുടെ സമൂഹത്തില്‍ ഇടപെട്ടത്‌. ``ദേഹം തങ്കവര്‍ണ്ണം. ദിനംപ്രതി ശരീരത്തിന്റെ ഗുണത്തിനുവേണ്ടി ആചരിച്ചുവന്ന വ്യായാമങ്ങളാല്‍ ഈ യൗവ്വനകാലത്ത്‌ മാധവന്റെ ദേഹം അതിമോഹനമായിരുന്നു. വേണ്ടതിലധികം അശേഷം തടിക്കാതെയും അശേഷം മെലിവ്‌ തോന്നാതെയും കാണപ്പെടുന്ന മാധവന്റെ കൈകള്‍, മാറിടം, കാലുകള്‍, ഇതുകള്‍ കാഴ്‌ചയില്‍ സ്വര്‍ണ്ണം കൊണ്ട്‌ വാര്‍ത്തുവച്ചതോ എന്ന്‌ തോന്നും.'' പിന്നീട്‌ രണ്ടാം അധ്യായത്തില്‍ സ്‌ത്രീക്ക്‌ വാര്‍പ്പുമാതൃക എന്ന നിലയില്‍ ചന്തുമേനോന്‍ എഴുതുന്നു. `` ഇന്ദുലേഖയുടെ ദേഹത്തിന്റെ വര്‍ണ്ണത്തെക്കുറിച്ച്‌ ഞാന്‍ ഒന്നുമാത്രം പറയാം. അരയില്‍ നേമം ഉടുക്കുന്ന കസവുതുണിയുടെ വക്കിനുള്ള പൊന്‍കസവുകര, മധ്യപ്രദേശത്ത്‌ പട്ടയുടെ മാതിരി ആവരണമായി നില്‍ക്കുന്നത്‌ കസവാണെന്ന്‌ തിരിച്ചറിയണമെങ്കില്‍ കൈകൊണ്ട്‌ തൊട്ടുനോക്കണം. ശരീരത്തിന്റെ വര്‍ണ്ണം പൊന്‍കസവിന്റെ സവര്‍ണ്ണമാകയാല്‍ കസവ്‌ എവിടെ അവസാനിച്ചു ശരീരം എവിടെ തുടങ്ങി എന്ന്‌ കാഴ്‌ചയില്‍ പറവാന്‍ ഒരുവനും കേവലം സാധിക്കയില്ല.''വടക്കേമലബാറില്‍ നിലനിന്നിരുന്ന പൊതുസമൂഹത്തിന്റെ ഭാഷകളെ ഒന്നിനുകീഴില്‍ കൊണ്ടുവരാനുള്ള ശ്രമം ഇവിടെയുണ്ട്‌. വിവിധ കൂട്ടായ്‌മകളില്‍ ഒന്നുമാത്രമായ നായര്‍ തറവാട്ടിനുള്ളില്‍ വിനിമയം ചെയ്യുന്ന ഭാഷയെ മാതൃകയാക്കണമെന്നും അതിനുള്ളിലെ മനുഷ്യരാണ്‌ ലക്ഷണമൊത്ത മനുഷ്യരെന്നും ചന്തുമേനോന്‍ പറയുന്നു. ഇത്‌ 1800കളില്‍ വടക്കേമലബാറില്‍ നിലനിന്ന ജീവിതപരിതോവസ്ഥകളേയും ഭാഷാ പ്രയോഗങ്ങളേയും അറിയാതെയല്ല; മറിച്ച്‌ ഈ വൈവിധ്യപൂര്‍ണമായ ഭാഷാപ്രയോഗങ്ങളെ വരുതിയിലാക്കാനുള്ള ശ്രമമാണ്‌ നോവലില്‍ ചന്തുമേനോന്‍ തുടങ്ങിവച്ചത്‌. എന്നാല്‍ ഭാഷ ആരുടേയും വരുതിയിലാകാതെ വളരുകയാണ്‌ ചെയ്‌തത്‌. പ്രാദേശിക ഭാഷാവൈവിധ്യങ്ങളുടെമേലുള്ള കടന്നുകയറ്റത്തേയും ആക്രമണങ്ങളേയും പലപ്പോഴും തിരിച്ചറിഞ്ഞ്‌ പ്രതിരോധിക്കുകയും ചെയ്‌തിട്ടുണ്ട്‌. സി വി രാമന്‍പിള്ളയുടെ കൃതികള്‍ സൃഷ്‌ടിക്കുന്നത്‌ ഇങ്ങനെയുള്ള പ്രതിരോധങ്ങളെയാണ്‌. ചന്തുമേനോന്‍ പാര്‍വ്വതിയമ്മയെക്കൊണ്ട്‌ സംസാരിപ്പിക്കുന്ന ഭാഷയെ പ്രതിരോധിച്ചുകൊണ്ട്‌ സി വി ഭഗവതി എന്ന സ്‌ത്രീയെക്കൊണ്ട്‌ സംസാരിപ്പിക്കുന്നു. ``ഭഗവതി: എന്റെ ചെതറാലമ്മ ലക്ഷിച്ച്‌ എന്റെ മക്കള്‌ കോട്ടാറനും തരും. അതല്ല- ഈ ഏകാന്ത്രത്തടി വെന്തോ കരിഞ്ഞോ പോട്ട്‌. (അതിഗൂഢമായി) മുണ്ടിനെ ഇപ്പം ചുടണം. കൊളക്കടവില്‍ നില്‍പ്പാന്‍ വിടൂല്ല ആളുകള്‌. വല്യ കൊലവാസം, അരും കൊലവാസം ആരോ ചെയ്‌തിട്ടു! കുരുകുരുത്തംകെട്ട മാവാവിക്കുട്ടത്തിന്‌ അക്കുരുതിക്കു കളം നമ്മുടെ നടയിലേ കണ്ടൊള്ളു. എന്റെ മക്കള്‌ ദൂക്ഷിക്കണം.''( അധ്യായം ഒമ്പത്‌, പു: 114, ധര്‍മ്മരാജ, സി വി രാമന്‍പിള്ള, 1981, എന്‍ ബി എസ്‌)ഇതുപോലെ ഒരോ കഥാപാത്രവും സംസാരിക്കുന്നത്‌ അവരവരുടെ ഭാഷയാണ്‌. ഒന്ന്‌ മറ്റൊന്നിനെ പകരം വയ്‌ക്കുകയോ ഒന്ന്‌ മറ്റൊന്നിന്റെ മാതൃകയാവുകയോ ശ്രേഷ്‌ഠസ്ഥാനം നേടാന്‍ ശ്രമിക്കുകയോ ചെയ്യുന്നില്ല. എന്നുമാത്രമല്ല ഇത്തരം വ്യവസ്ഥാപിതമായ ഏകതാനക്രമത്തെ പ്രതിരോധിക്കുകയും ചെയ്യുന്നുണ്ട്‌. ഭഗവതിയുടെ ഏകാന്ത്രത്തടി ഒറ്റത്തടിയാണെന്നും കൊളം കുളവും കൊലവാസം കൊലപാതകവുമാണ്‌. ഭഗവതി പറയുന്നത്‌ തെറ്റ്‌ എന്ന്‌ പറയാനാവില്ല. അത്‌ അവരുടെ ഉച്ചാരണപരമായ സവിശേഷതയാണ്‌. ഇതിന്റെ തുടര്‍ച്ചയെന്നോണം അപരിഷ്‌കൃതമായ ഭാഷാപ്രയോഗത്തില്‍നിന്ന്‌ പരിഷ്‌കൃത ഭാഷയിലേക്കുള്ള വളര്‍ച്ച അനിവാര്യമാകുന്ന ഘട്ടത്തിലാണ്‌ വൈക്കം മുഹമ്മദ്‌ ബഷീര്‍ ഇടപെടുന്നത്‌. അദ്ദേഹത്തിന്റെ `ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്‌' എന്ന കൃതിയില്‍ കുഞ്ഞുപാത്തുമ്മ നമ്മോട്‌ സംസാരിക്കുന്നത്‌ ഈ അര്‍ത്ഥത്തിലാണ്‌. ``അവള്‍ ഓടി. `കുളിച്ചല്ലേ! കുളിച്ചല്ലേ!' എന്നുപറഞ്ഞ്‌ കിതച്ചുകൊണ്ട്‌ ആ ചെറുപ്പക്കാരിയുടെ അരികത്ത്‌ അവള്‍ ചെന്നു. ആ കാഫ്രിച്ചി യാതൊരു ക്ഷോഭവും കാണിക്കാതെ കുഞ്ഞുപാത്തുമ്മയോടു പറഞ്ഞു ``ബുദ്ദൂസേ കുളിക്കല്ലേ, കുളിക്കല്ലേ എന്ന്‌ പറയണം.''ഇവിടെ പ്രാദേശികമായ വാമൊഴി ഭാഷയുടെ മാനകീകരണം സംഭവിക്കുന്നു (standardization). പ്രാദേശിക ഭാഷ എന്ന ചെറുതില്‍നിന്ന്‌ മാനകഭാഷ എന്ന വലുതിലേക്ക്‌ പരിവര്‍ത്തിക്കപ്പെടുന്നുണ്ട്‌. അത്‌ അനിവാര്യമാണുതാനും. ഈയൊരു വളര്‍ച്ച സാധ്യമാകുന്നത്‌, മൂന്നാമതൊരാളുടെ ശ്രമഫലമായാണ്‌. അതായത്‌ സമൂഹത്തിന്റെ ഇടപെടലുകളാണ്‌ ഭാഷയുടെ വളര്‍ച്ചയ്‌ക്ക്‌ നിദാനം. പാത്തുമ്മ കുഞ്ഞായിരിക്കുമ്പോള്‍ `കുളിച്ചല്ലേ' എന്ന്‌ പറയുന്നതില്‍നിന്ന്‌ കുഞ്ഞാല്ലാതാവുമ്പോള്‍ `കുളിക്കല്ലേ' എന്ന്‌ പറയുന്നതിലേക്ക്‌ വളരുന്നത്‌ `കുളിച്ചല്ലേ' എന്നതിന്‌ മറ്റൊരര്‍ത്ഥംകൂടിയുണ്ടെന്ന്‌ തിരിച്ചറിയുന്നതുകൊണ്ടാണ്‌. `കുളിച്ചു, അല്ലേ...?' എന്ന ചോദ്യത്തെ ചേര്‍ത്തുപറയുമ്പോള്‍ `കുളിച്ചല്ലേ' എന്ന്‌ പറയുമെന്നും (കുളിച്ചുവല്ലേ എന്ന്‌ വ്യവസ്ഥചെയ്യപ്പെട്ടിരിക്കുന്നു) താന്‍ ഉദ്ദേശിച്ചത്‌ `കുളിക്കരുത്‌' എന്നാണെന്നും ഈ അര്‍ത്ഥം കിട്ടണമെങ്കില്‍ `കുളിക്കല്ലേ' എന്നുതന്നെ പറയണമെന്നും ബോധ്യപ്പെടുമ്പോഴാണ്‌ പാത്തുമ്മ `കുളിക്കല്ലേ' എന്ന്‌ പറയുന്നത്‌. വ്യത്യസ്‌ത അര്‍ത്ഥങ്ങള്‍ക്കുവേണ്ടി `ച്ച'യും `ക്ക'യും പരസ്‌പരം മാറ്റി പറയുന്നു. അതായത്‌ പാത്തുമ്മ ലക്ഷ്യമാക്കിയ ആശയത്തിന്‌ സമൂഹം ഉപയോഗിക്കുന്ന അക്ഷരമല്ല കുഞ്ഞുപാത്തുമ്മ പ്രയോഗിച്ചത്‌. ഈയൊരു തിരിച്ചറിവിന്‌ സമൂഹവുമായി പാത്തുമ്മയ്‌ക്ക്‌ ഇടപെടേണ്ടിവന്നു. ഭാഷ സാമൂഹികമായി രൂപംകൊള്ളുന്നതോ പഠിച്ചുറപ്പിക്കുന്നതോ അല്ലെന്നും ജനിതകപരമോ മനഃശാസ്‌ത്രപരമോ ആയ സംവിധാനത്തിലൂടെ മനുഷ്യര്‍ സ്വാംശീകരിക്കുന്നതാണെന്നും ചോംസ്‌കി നിരീക്ഷിക്കുന്നു. എന്നാല്‍ കുട്ടികള്‍ തങ്ങളുടെ ഭാഷയെ രൂപപ്പെടുത്തുന്നത്‌ സഹജീവികളുടെ ഇടപെടല്‍കൊണ്ടാണ്‌. ആദ്യം രൂപത്തേയും പിന്നെ ശബ്‌ദത്തേയും തന്റെ ആശയ സംവേദനത്തിന്‌ കുട്ടി സ്വീകരിക്കുന്നു. പശു, എരുമ, ആട്‌ എന്നീ വളര്‍ത്തുമൃഗങ്ങളെ കുട്ടി ആദ്യം വിളിക്കുന്നത്‌ അതിന്റെ ശബ്‌ദത്തെ അനുകരിച്ചാണ്‌. ആദ്യം `മ്പേ' എന്നും പിന്നീട്‌ `മ്പ' എന്നും `ഉമ്പ' എന്നും `ഉമ്പാമ്പ' എന്നുമുള്ള രൂപമാറ്റം അങ്ങനെയാണ്‌. പട്ടിയെ `ബൗ' എന്നും കാക്കയെ `കാ' എന്നും കുട്ടി അഭിസംബോധന ചെയ്യുകയും ആദ്യമായി കാണുന്ന ആനയെ `മ്പ' എന്ന്‌ വിളിക്കുകയും ചെയ്യുന്നു. പിന്നീട്‌ സമൂഹവുമായുള്ള ഇടപെടല്‍കൊണ്ടാണ്‌ എരുമ, പശു, ആട്‌, ആന എന്നിവയെ അതത്‌ പേരില്‍ വിളിക്കാന്‍ കുട്ടി പഠിക്കുന്നത്‌. `പൗഡര്‍' എന്ന്‌ ആദ്യം പറയാന്‍ ശ്രമിക്കുന്ന കുട്ടി `പവ്വര്‍' എന്നോ `പടുവര്‍' എന്നോ ആണ്‌ പറയുക. പിന്നീടുള്ള പരിശീലനത്തിലൂടെയാണ്‌ `പൗഡര്‍' എന്ന്‌ പറയുന്നത്‌. പൊക്കിള്‍ക്കൊടി മുറിയുമ്പോഴുണ്ടാകുന്ന ആദ്യ വേദന കുഞ്ഞുങ്ങളുടെ തലച്ചോറില്‍ കാര്യമായ അടയാളങ്ങള്‍ രേഖപ്പെടുത്തുന്നതായി ആധുനിക മനഃശാസ്‌ത്രജ്ഞര്‍ നിരീക്ഷിക്കുന്നു. ആദ്യമായി കാണുന്നതും കേള്‍ക്കുന്നതും ഓര്‍ത്തുവയ്‌ക്കാനുള്ള ശേഷി കുഞ്ഞുങ്ങള്‍ക്ക്‌ കൂടുതലാണ്‌. നവജാത ശിശുക്കള്‍ ഒന്നില്‍ത്തന്നെ ഏറെനേരം ശ്രദ്ധ പതിപ്പിച്ച്‌ കിടക്കുന്നത്‌ കാണാവുന്നതാണ്‌. ഒന്നും അറിഞ്ഞുകൂടാത്തതുകൊണ്ടാണ്‌ ഓരോന്നും വളരെവേഗം അറിയാന്‍ ശ്രമിക്കുന്നതും പഠിച്ചെടുക്കുന്നതും. ബഷീറിന്റെ കുഞ്ഞുപാത്തുമ്മയെ ആയിഷ പഠിപ്പിക്കുന്നത്‌ ഇങ്ങനെയാണ്‌. ``ആയിഷ നിലത്ത്‌ `ബ' എന്നൊരക്ഷരമെഴുതി. `സൂക്ഷിച്ചുനോക്കൂ; ഈ ജാതി ആ ബുക്കിലുണ്ടോ എന്ന്‌ നോക്ക്‌'. എന്നും പറഞ്ഞ്‌ അവള്‍ പുല്‍ത്തകിടിയില്‍ മലര്‍ന്ന്‌ കിടന്നു. കുഞ്ഞുപാത്തുമ്മ പുസ്‌തകത്തിലെങ്ങും നോക്കി. കാണുന്നില്ല! ഒടുവില്‍ അവളത്‌ പുസ്‌തകത്തിന്റെ പുറത്തുനിന്നുതന്നെ കണ്ടുപിടിച്ചു. ആയിഷ എണീറ്റു.`അവന്റെ പേരാകുന്നു `ബ'. ആ അക്ഷരത്തിന്റെ പേരെന്ത്‌?'കുഞ്ഞുപാത്തുമ്മ പറഞ്ഞു.`ബ'`ബ' കൊണ്ട്‌ തുടങ്ങുന്ന ഒരു വാക്ക്‌ പറയൂ'`ബയീ'`ബുദ്ദൂസേ! കള്ള ബുദ്ദൂസേ `വഴി' യെന്ന്‌ പറയണം'`വഴി'`അപ്പോള്‍ അതില്‍ `ബാ'യുണ്ടോ?'`ഹില്ല'`എന്നാല്‍ ഒന്ന്‌ ആലോചിച്ച്‌ പറയൂ'`ബയിതനങ്ങാ!'`വഴുതനങ്ങാ എന്നു പറയൂ'കുഞ്ഞുപാത്തുമ്മ അങ്ങനെ എഴുത്തുപഠിക്കാന്‍ തുടങ്ങി. ഒരു കുഞ്ഞിന്റെ അപരിഷ്‌കൃതമായ ഭാഷാപ്രയോഗം പരിഷ്‌കൃത ഭാഷയായി വളരുന്നതും വാമൊഴി ഭാഷ പരിണമിച്ച്‌ മാനക ഭാഷയോട്‌ ചേരുന്നതും ഒരുപോലെയാണ്‌. കാരണം വാമൊഴി ഭാഷ നിരന്തര പരിണാമിയാണ്‌. കൃത്യമായ വ്യവസ്ഥയോ സങ്കുചിതത്വമോ ഇല്ലാത്ത ഒന്ന്‌. എന്നാല്‍ വരേണ്യ ഭാഷ കൃത്യമായി വ്യവസ്ഥചെയ്യപ്പെട്ട ഒന്നാണ്‌. ഈ വ്യവസ്ഥയ്‌ക്കുള്ളില്‍ നിന്നുകൊണ്ട്‌ വരേണ്യഭാഷ പരിണമിക്കുന്നത്‌ അതിന്റെ ധ്വനനശേഷിയുടെ കാര്യത്തിലല്ല; മറിച്ച്‌ വരേണ്യ- മുതലാളിത്ത വ്യവസ്ഥയ്‌ക്കുള്ളില്‍ ഉണ്ടായിവരുന്ന പുതിയ സാങ്കേതിക വിദ്യകളെ പരിചയപ്പെടുത്തുന്നതിനും അവയെ അടിച്ചേല്‍പ്പിക്കുന്നതിനും വേണ്ടിയാണ്‌. ഇത്തരം നൂതന സാങ്കേതിക വിദ്യയുടെ കാലത്ത്‌ അവയോട്‌ ചേര്‍ന്ന്‌ നില്‍ക്കാത്തവയെല്ലാം നശിപ്പിക്കപ്പെടുന്നു. സംസ്‌കൃത ഭാഷ മൃതഭാഷയായതുപോലെ തന്നെ പ്രാദേശിക ഭാഷ ഇല്ലാതാകുന്നതും ഈ അര്‍ത്ഥത്തിലാണ്‌. ഒരു വാക്ക്‌ വ്യവസ്ഥയ്‌ക്കുള്ളിലാകുന്നതോടുകൂടി വളര്‍ച്ചയുടെ അതിന്റെ അര്‍ത്ഥം എപ്പോഴും ദൃഢവും സ്ഥിരവുമായിരിക്കും. അതുകൊണ്ട്‌ ഇത്തരം വാക്കുകളെ മര്‍ദ്ദനോപകരണങ്ങളാക്കി മാറ്റാന്‍ എളുപ്പമാണ്‌. ഒരാള്‍ ഉപയോഗിക്കുന്ന രീതിയിലല്ല മറ്റൊരാള്‍ വാമൊഴി ഭാഷ ഉപയോഗിക്കുന്നത്‌. ഒരു വാക്കിന്‌ വിവിധ സാഹചര്യങ്ങളില്‍ വ്യത്യസ്‌ത അര്‍ത്ഥമാണുള്ളത്‌. `കള്ള ബുദ്ദൂസ്‌' എന്ന്‌ പറയുന്നിടത്ത്‌ `വിഢി'യെന്നോ `മണ്ടി'യെന്നോ പറയാന്‍ മലയാളിയെ പഠിപ്പിച്ചത്‌ ഈയൊരു സാഹചര്യത്തിലാണ്‌. `കള്ളബുദ്ദൂസ്‌' എന്നതിലടങ്ങിയിരിക്കുന്ന വാത്സല്യം കലര്‍ന്ന കുസൃതി മറ്റ്‌ രണ്ട്‌ പദങ്ങള്‍ക്കുമില്ല. ബുദ്ദൂസിന്‌ കൃത്യമായൊരു അര്‍ത്ഥം പറയാന്‍ പറ്റില്ലെന്നിരിക്കേ മറ്റ്‌ രണ്ട്‌ പദങ്ങളും അതിന്റെ ലക്ഷ്യം നേടുന്നുണ്ട്‌. പൊതുസമൂഹത്തില്‍ വ്യവഹരിക്കപ്പെടുന്ന ഭാഷകളുടെ ഈ നായക സ്ഥാനത്തെക്കുറിച്ച്‌ അന്തോണിയോ ഗ്രാംഷി തന്റെ `പ്രിസണ്‍ നോട്ട്‌ബുക്‌സില്‍' പറയുന്നുണ്ട്‌. `ഹെജിമണി (hegimony)' എന്ന വാക്കാണ്‌ അദ്ദേഹം ഇതിനായി ഉപയോഗിച്ചത്‌. മേല്‍ക്കോയ്‌മ (domination ), ബൗദ്ധികവും ധാര്‍മികവുമായ നേതൃത്വം (Intellectual and moral leadership )എന്നീ രണ്ടുവിധമാണ്‌ മേധാവിത്തം പ്രകടമാകുന്നതെന്ന്‌ ഗ്രാംഷി പറയുന്നുണ്ട്‌. ഒരു സാമൂഹ്യവിഭാഗം എതിര്‍വിഭാഗങ്ങളെ തങ്ങളിലേക്ക്‌ ലയിപ്പിക്കാനും (liquidate) കീഴടക്കാനും ശ്രമിക്കുന്നു. മര്‍ദ്ദനോപകരണങ്ങളുടെ നിരന്തര പ്രയോഗത്തിലൂടെ മാത്രമേ ഒരു അധികാര വ്യവസ്ഥയ്‌ക്ക്‌ നിലനില്‍പ്പുള്ളൂ എന്ന കാര്യവും ഗ്രാംഷി മുന്നോട്ടുവയ്‌ക്കുന്നു (ഇത്‌ പിന്നീടുവന്ന ലൂയീ അല്‍ത്തൂസര്‍ കൂടുതല്‍ വിശദമാക്കുന്നുണ്ട്‌). സംസ്‌കാരത്തിന്റെ തലത്തില്‍നിന്നുകൊണ്ടാണ്‌ ഗ്രാംഷി `ഹെജിമണി' എന്ന വാക്ക്‌ പ്രയോഗിക്കുന്നത്‌ എങ്കിലും ഭാഷയുടെ കാര്യത്തിലും ഇത്‌ പ്രസക്തമാണ്‌. `ആളുക' എന്ന പദം നമ്മുടെയിടയില്‍ സ്ഥാനമുറപ്പിച്ചത്‌ ഈയൊരു ലക്ഷ്യബോധത്തോടെയാണ്‌. നിയന്ത്രിക്കുക, അനുഭവിക്കുക, ഭരിക്കുക, ഉയരുക, പടര്‍ന്നുകേറുക എന്നെല്ലാമുള്ള അര്‍ത്ഥം ഉത്‌പാദിപ്പിച്ചുകൊണ്ട്‌. `ആളുക' എന്ന പദം നമ്മെ വ്യാമോഹിപ്പിച്ചു. (ശബ്‌ദതാരാവലിയില്‍നിന്നുള്ള ഉദാഹരണങ്ങള്‍). ഈ പദത്തോട്‌ `തൊഴില്‍' എന്ന പദത്തെ കൂട്ടിച്ചേര്‍ക്കുമ്പോഴാണ്‌ `തൊഴിലാളി' എന്ന വാക്ക്‌ നായകഭാഷയുടെ ആയുധമായി മാറുന്നത്‌. തൊഴിലില്‍ വ്യാപൃതനാവുക, തൊഴില്‍ അനുഭവിക്കുക, തൊഴിലില്‍ ഉയര്‍ച്ച നേടുക, എന്നെല്ലാമുള്ള പ്രയോഗങ്ങളില്‍ വീണ്ടും വീണ്ടും പണിയെടുക്കുക എന്നാണര്‍ത്ഥം. മുതലാളി എപ്പോഴും `മുതല്‍' ആളുന്നവനും തൊഴിലാളി എപ്പോഴും `തൊഴില്‍' ആളുന്നവനുമാണ്‌. തൊഴിലാളി `മുതല്‍' സമ്പാദിച്ചാലും മുതലാളിയാവുന്നില്ല. വേല, പണി, ജോലി, എന്നീ ഭാഷാ വൈവിധ്യത്തിനുമേലാണ്‌ നായകസ്ഥാനം കല്‍പ്പിക്കപ്പെട്ട അഥവാ മാനകമായ `തൊഴില്‍' ഇടം തേടുന്നത്‌. `നിന്റെയൊരു വേല...' എന്നോ `വേറേ ജോലിയൊന്നുമില്ലേ...' എന്നോ പറയുമ്പോള്‍ പലവിധത്തിലുള്ള പ്രവൃത്തി എന്നാണ്‌ അര്‍ത്ഥമാക്കുക. പക്ഷേ തൊഴില്‍ എന്ന്‌ പറയുന്നിടത്ത്‌ കൂലിയേയും ഉപജീവന മാര്‍ഗത്തേയും കൂട്ടിച്ചേര്‍ത്ത്‌ വ്യവസ്ഥപ്പെടുത്തിയ അര്‍ത്ഥമാണുള്ളത്‌. ഈ വ്യവസ്ഥയ്‌ക്കുള്ളില്‍ നിന്നുകൊണ്ടാണ്‌ വീണ്ടും തൊഴിലെടുക്കൂ എന്ന്‌ പറയുന്നത്‌. തൊഴിലാളി എല്ലാക്കാലത്തും തൊഴിലെടുക്കുന്നവന്‍ മാത്രമായിരിക്കുകയും മുതലാളി എല്ലാക്കാലത്തും മുതല്‍മുടക്കി അതിലൂടെ മുതലെടുക്കുന്നവന്‍ മാത്രമായിരിക്കുകയും ചെയ്യുന്നതുകൊണ്ടാണ്‌ തൊഴിലാളി എന്ന വാക്ക്‌ ഒരു മര്‍ദ്ദനോപകരണമായി മാറുന്നത്‌. കീഴാളനെ കീഴാളത്തത്തിലേക്ക്‌ തള്ളിയിടുന്ന തന്ത്രമാണിത്‌. ഉച്ചം/നീചം, ഉത്തമം/അധമം എന്നിങ്ങനെയുള്ള മേല്‍/ കീഴ്‌ വിഭജനത്തില്‍ നീചം, അധമം എന്നിങ്ങനെയുള്ള കീഴ്‌സ്ഥാനം ആളുന്നവനെ കീഴാളനെന്ന്‌ പറയണമെന്നും കീഴാളനെന്നുപറഞ്ഞാല്‍ കീഴ്‌ ഭാഗം ആളുന്നവന്‍ എന്നാണര്‍ത്ഥമെന്നും വ്യവസ്ഥചെയ്യപ്പെട്ടിരിക്കുന്നു. സമൂഹത്തിന്റെ, സംസ്‌കാരത്തിന്റെ, ഭാഷയുടെ കീഴ്‌ഭാഗം അനുഭവിക്കണമെന്നും, കീഴോട്ട്‌ പടര്‍ന്നിറങ്ങണമെന്നും പറയുന്നത്‌ അവനെ മേല്‍ഭാഗം ആളാന്‍ അനുവദിക്കാതിരിക്കുന്നതിനാണ്‌. ഇവിടെയാണ്‌ ഭാഷ ഒരു ആയുധമായി മാറുന്നത്‌. ഇതിനെതിരെയാണ്‌ ഒരു സമരം പൊട്ടിപ്പുറപ്പെടേണ്ടത്‌. നിലവിലുള്ള ഭാഷണത്തെ തകര്‍ത്തുകൊണ്ടാണെങ്കില്‍ അങ്ങനെ.


കുറിപ്പ്‌


1) ഗ്രാംഷിയന്‍ വിചാരവിപ്ലവം, ഇ എം എസ്‌, പി ഗോവിന്ദപ്പിള്ള, ചിന്ത, തിരുവനന്തപുരം2) നോം ചോംസ്‌കി; നൂറ്റാണ്ടിന്റെ മനസാക്ഷി (എഡിറ്റ്‌) എം എ ബേബി, ഡി സി ബുക്‌സ്‌, കോട്ടയം3) ദളിത്‌ ഭാഷ, കവിയൂര്‍ മുരളി, കറന്റ്‌ ബുക്‌സ്‌ തൃശൂര്‍4) ഇന്ദലേഖ, ഒ ചന്തുമേനോന്‍, എന്‍ ബി എസ്‌5) ധര്‍മ്മരാജാ, സി വി രാമന്‍പിള്ള, എന്‍ ബി എസ്‌6) Prison note Books, antonio gramsci7) Linguistic Contributions to the Study of Mind. Noam chomsky8) Course in general linguistics, Ferdinand de Saussure9) സൊസ്യൂര്‍; ഘടനാവാദത്തിന്റെ ആചാര്യന്‍, സി രാജേന്ദ്രന്‍, ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്‌5) ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്‌ , വൈക്കം മുഹമ്മദ്‌ ബഷീര്‍, ഡി സി ബുക്‌സ്‌, കോട്ടയം6) സ്വപ്‌നവാസവദത്തം7) ഗ്രാംഷിയും സംസ്‌കാരപഠനവും (എഡിറ്റ്‌) എസ്‌ രാജശേഖരന്‍, ചിന്ത, തിരുവനന്തപുരം

No comments: